ഊണും ഉറക്കവുമില്ലാതെ ദുരന്തഭൂമിയിൽ ഉറ്റവർക്കായി തിരച്ചിൽ നടത്തിയ കുവി പിന്നീട് തന്റെ കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയത് നൊമ്പര കാഴ്ച്ചയായിരുന്നു. പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെ പോലും പിന്നിലാക്കിയാണ് കുവിയുടെ തിരച്ചിൽ ഫലം കണ്ടത്. പിന്നീട് ഇടുക്കി കെ9 സ്ക്വാഡിലെ അജിത് മാധവന്റെ കൈകളിലെത്തുകയായിരുന്നു കുവി.
ഇടുക്കി ഡോഗ് സ്ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവൻ പുസ്തക രചനയ്ക്കായി നീണ്ട അവധിയിൽ പ്രവേശിച്ചതോടെ ചേർത്തലയിലെ സ്വന്തം വീട്ടിലേക്ക് കുവിയെ കൊണ്ടുപോയി.'ഇന്നും മഴ കാണുമ്പോൾ കുവി ചെവി താഴ്ത്തി ഇരിക്കാറുണ്ട്', അജിത്ത് പറയുന്നു. 2022 ലെ പെട്ടിമുടിയിലെ ദുരന്തകാഴ്ച്ചയുടെ അവേശേഷിപ്പുകൾ ഉള്ളിൽ ഉള്ളതിനാലാവാം മഴ ഇന്നും അവൾക്കൊരു പേടി സ്വപ്നമാണ്.
advertisement
കുറച്ചു മാസങ്ങൾക്കു മുമ്പ് ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത 'നജസ്' എന്ന സിനിമയിൽ കുവി പ്രധാന താരമായിരുന്നു. ചിലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നജസിന് 5 അവാർഡുകളും ഇതിനോടകം വാരിക്കൂട്ടി. എന്തായാലും കുവി ഇന്ന് ഹാപ്പിയാണ്.