വാർത്താസംവാദങ്ങളിൽ മാധ്യമപ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യങ്ങളോടോ വിഷയങ്ങളോടോ വിയോജിപ്പുണ്ടെങ്കിൽ മാന്യമായി ചോദ്യം ചെയ്യുന്നതിനും പ്രതിഷേധിക്കുന്നതിനും സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അതിനു മുതിരാതെ അധിക്ഷേപ വർഷത്തിനും അവഹേളനത്തിനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമപ്രവർത്തകരെ ഒന്നടങ്കം അധിക്ഷേപിക്കാനാണ് നടൻ വിനായകൻ ബോധപൂർവം ശ്രമിച്ചിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. സ്ത്രീകളെ അവഹേളിക്കുന്നതിനുള്ള ബോധപൂർവവും ആസൂത്രിതവുമായ ശ്രമമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ ക്രിമിനൽ നടപടിക്ക് കേസെടുത്ത് വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.
advertisement
അതേസമയം സംഭവത്തിൽ വിനായകനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ നിരന്തരം ആളുകളെ അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആക്റ്റിവിസ്റ്റ് ദിയ സന വിനായകനെതിരെ പരാതി നൽകി. തിരുവനന്തപുരം മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. അപർണ കുറുപ്പിനെ ഭീഷണിപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വസന്ത് തെങ്ങുംപിള്ളി പൊലീസിന് പരാതി നൽകി. നിരന്തരം അസഭ്യവർഷം തുടർന്നിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.