മുണ്ടക്കൈയിൽ ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ. അട്ടമലയും ആറന്മലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെയും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും, വെള്ളാർമല സ്കൂൾ അഞ്ചാമത്തെ സോണുമാണ്, പുഴയുടെ അടിവാരമാണ് ആറാമത്തെ സോൺ.
സൈന്യം, എൻഡിആർഎഫ്, നേവി, കോസ്റ്റ്ഗാർഡ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുക. ഓരോ സംഘത്തിലും പ്രദേശവാസികളായ മൂന്നുപേരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്റർ പരിധിയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലും തിരച്ചിൽ തുടരും.
advertisement
Also read: പ്രകൃതി പ്രതികരിക്കുന്നുവോ? ദുരന്തങ്ങളോട് മല്ലിട്ട് കേരളജനത
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ മേഖലയിലെ രക്ഷാദൗത്യത്തിന് ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാല് മന്ത്രിമാരുടെ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. നാല് മന്ത്രിമാരും വയനാട്ടിൽ ക്യാമ്പ് ചെയ്യും.
റവന്യൂ മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കനത്ത യന്ത്രസാമഗ്രികളുടെ സഹായമില്ലാതെ വിവിധ ഏജൻസികളിലെയും സായുധ സേനയിലെയും 1300 പേർ സംയുക്തമായി തിരച്ചിൽ, രക്ഷാപ്രവർത്തനം നടത്തിയതായി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രി കെ. രാജൻ പറഞ്ഞു.
ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,328 പേരെ മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ചൂരൽമലയിലും മേപ്പാടിയിലും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട 578 കുടുംബങ്ങളിലെ 2,328 പേരെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടു പോലീസ് സ്റ്റേഷൻ പരിധിയിൽ സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ഇന്നത്തെ തിരച്ചിൽ. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. കോസ്റ്റ് ഗാർഡും നേവിയും പോലീസും പൂർണ്ണമായി ഒരു പുഴയുടെ വശങ്ങളിൽ പരിശോധന നടത്തുമെന്ന് മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.