യു.ഡി.എഫ്. വിമതൻ 207 വോട്ട് പിടിച്ചപ്പോൾ 64 വോട്ടിനാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി വിജയിച്ചത്. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. മുൻ നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം യു.ഡി.എഫ്. പ്രവർത്തകരാണ് ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതെന്നാണ് ആരോപണം. മുസ്ലീം ലീഗ് നീയോജക മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അടിയന്തിരമായി യോഗം ചേർന്ന് നഗരസഭാ ഭരണത്തിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കളമശേരി നഗരസഭയിൽ 20-20 എന്ന നിലയിലായിരുന്നു യു.ഡി.എഫ് - എൽ.ഡി.എഫ്. കക്ഷിനില. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച ലീഗ് വിമതൻ ഭരണം കിട്ടിയതോടെ കഴിഞ്ഞ ദിവസം യു.ഡി.എഫ്. ക്യാംപിലെത്തി. ഇതോടെ കക്ഷിനില 19 - 21ആയി. ഇന്നത്തെ തെരഞ്ഞെടുപ്പോടെ അവസാന കക്ഷി നില യു.ഡി എഫ് -2 1 എൽ.ഡിഫ് -20 എന്ന നിലയിലായി. ഇടഞ്ഞു നിൽക്കുന്ന മുസ്ലീം ലീഗ് യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുകയോ മാറി നിൽക്കുകയാ ചെയ്താൽ എൽ.ഡി.എഫിന് ഭരണം പിടിക്കാൻ കഴിയും. ഇതാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നികുതി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന കളമശേരിയിൽ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഭരണം പിടിക്കുക ഇരുമുന്നണികളുടെയും ലക്ഷ്യമാണ്.
advertisement
ആറ് മാസത്തിന് ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സി.പി.എം. പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫ്. കരുതലോടെ നീങ്ങിയില്ലെങ്കിൽ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മുസ്ലീം ലീഗ് നേതൃത്വം കളമശേരി പ്രശ്നം കെ.പി.സി.സി. നേതൃത്വത്തെയും യു.ഡി.എഫ്. നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. അതിനാൽ നേതൃത്വം ഇടപെട്ട് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. എന്നാൽ വിമത പ്രവർത്തനത്തിന് പരോക്ഷ പിന്തുണ നൽകിയ ചെയർപേഴ്സൺ സീമ കണ്ണനെ മാറ്റണമെന്ന ആവശ്യവും ലീഗ് ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അനുകൂലമായി പ്രതികരിക്കുമോ എന്ന് സംശയമാണ്. പെട്ടെന്ന് അധികാരമാറ്റം ഉണ്ടാകില്ലെന്നതാണ് യു.ഡി.എഫിനുള്ള ഏക ആശ്വാസം .
എറണാകുളം ജില്ലയിലെ നഗരസഭകളിൽ ഇപ്പോൾ ഭരണം ഇങ്ങനെയാണ്
യുഡിഎഫ് -8 (ആലുവ, അങ്കമാലി,മരട്, പറവൂര്, പെരുമ്പാവൂര്, മൂവാറ്റുപുഴ, തൃക്കാക്കര,കളമശേരി) എല്‍ഡിഫ്-5 (തൃപ്പൂണിത്തുറ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, ഏലൂര്‍).
കോതമംഗലം, പിറവം, കൂത്താട്ടുകുളം എന്നിവ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തു. ഭാവിയിൽ കളമശേരി എൽ.ഡി.എഫ് പക്ഷത്തേക്ക് എത്തുമെന്നാണ് ഇത് നേതൃത്വത്തിൻ്റെ പ്രതീക്ഷ. മുസ്ലീം ലീഗ് അംഗങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിച്ചാൽ പോലും കളമശേരിയിൽ അത് എൽ.ഡി.എഫിന് ഗുണം ചെയ്യും.