കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ബാബരീ മസ്ജിദ് തകർത്ത്, തൽസ്ഥാനത്ത് നിർമ്മിച്ച രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിന് ഒരു "തങ്ങൾ" കൂടി ഉണ്ടായാൽ കേമമാകും. അതും മുസ്ലിംലീഗിൻ്റെ അദ്ധ്യക്ഷനാകുമ്പോൾ കുശാലായി. ക്ഷണം കിട്ടേണ്ട താമസം സാദിഖലി തങ്ങൾ തലേദിവസം തന്നെ അയോദ്ധ്യയിലെത്തുമെന്ന കാര്യത്തിൽ സുരേന്ദ്രന് സംശയം വേണ്ട. ഉൽഘാടന മാമാങ്കത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് അതൊരു വലിയ മനസ്സമാധാനാവുമാകും.
ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം മണിപ്പൂരിൽ പച്ചക്ക് നാം കണ്ടതാണ്. എത്ര പാവം മനുഷ്യരെയാണ് അവിടെ "സ്നേഹത്തോടെ" കഴുത്തറുത്ത് ചുട്ടെരിച്ചത്? എത്ര ക്രൈസ്തവ ദേവാലയങ്ങളാണ് "സ്നേഹംമൂത്ത്" തകർത്ത് തരിപ്പണമാക്കി അഗ്നിക്കിരയാക്കിയത്?
advertisement
ജനങ്ങൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന കേരളത്തിൽ ബി.ജെ.പിയുടെ "പരിപ്പ്" വേവിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇന്നോളം നടന്നിട്ടില്ല. ബി.ജെ.പിക്ക് പകയുടെ സൂചി കുത്താൻ ഇടം നൽകാത്ത ദിക്കാണ് കേരളം. അരമനകൾ കയറിയിറങ്ങിയത് കൊണ്ടോ പുരോഹിതർക്കും തങ്ങൾക്കുമൊപ്പം നിന്ന് ''കെയ്ക്ക്'' മുറിച്ചത് കൊണ്ടോ ബി.ജെ.പിക്ക് മലയാളമണ്ണിൽ കാലുറപ്പിക്കാനാവുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.
ജീവിതാനുഭവങ്ങളിലൂടെ പരസ്പര ബഹുമാനത്തിൻ്റെയും സഹിഷ്ണുതയുടെയും വില മനസ്സിലാക്കിയ മനുഷ്യരാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും ചാവറയച്ഛനും ഉഴുതുമറിച്ച ദേശത്ത് ജീവിക്കുന്നത്. ബഹുസ്വരതയുടെ മഴവിൽ സൗന്ദര്യം ഏകശിലാ സംസ്കാരത്തിൻ്റെ കീറപ്പായ കൊണ്ട് മറച്ചു പിടിക്കാൻ വർഗ്ഗീയവിഷം ചീറ്റുന്ന സംഘ്പരിവാരങ്ങൾക്ക് ആവില്ല. നൂറുകണക്കിനാളുകൾ കൊലചെയ്യപ്പെട്ട ഗുജറാത്ത്-ഡൽഹി-മണിപ്പൂർ മോഡൽ വംശഹത്യകളിൽ രാജ്യത്തോട് മാപ്പിരന്നിട്ടാകാം ബി.ജെ.പിയുടെ "കെയ്ക്ക്"യാത്രകൾ.
