പലസ്തീനികളുടെ ജന്മഭൂമി അപഹരിച്ച് ജൂതമതാടിസ്ഥാനത്തിൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അതിശക്തമായി എതിർത്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകൾക്ക് സാക്ഷിയായാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പത്രകുറിപ്പിലൂടെ അറിയിച്ചു.
സമ്മേളനത്തിൽ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷ് മുഖ്യാതിഥിയാകും. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, അഡ്വ. പി. സന്തോഷ് കുമാർ (എം.പി), എ.കെ. ശശീന്ദ്രൻ, എം.വി. ശ്രേയംസ് കുമാർ, അഹമ്മദ് ദേവർകോവിൽ, പ്രൊഫ. എം.പി. അബ്ദുൾ വഹാബ്, സാബു ജോർജ്ജ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയ ഇടതുപക്ഷ നേതാക്കൾ പങ്കെടുക്കും.
advertisement
ഐക്യരാഷ്ട്രസഭയിലെ ഭൂരിപക്ഷം രാജ്യങ്ങളും പലസ്തീൻ ജനതയുടെ സ്വയംനിർണ്ണയനവും സ്വതന്ത്രരാഷ്ട്രപദവിയും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അമേരിക്കയും ഇസ്രയേലും അതിന് വഴങ്ങുന്നില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രസ്താവിച്ചു. യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ദ്വിരാഷ്ട്ര വ്യവസ്ഥ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, നെതന്യാഹു യുദ്ധം നിർത്താൻ തയ്യാറാകാത്തത് അമേരിക്കയുടെ പിന്തുണ ഒന്നുമാത്രമാണ്. പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം തുടരുകയാണെന്നും അവർ ആരോപിച്ചു.
ഈ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരമ്പരാഗതമായ പലസ്തീൻ നിലപാട് ഉയർത്തിപ്പിടിച്ച് യുദ്ധം അവസാനിപ്പിക്കാനും പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കാനും ശക്തമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. 'ഞങ്ങൾ പലസ്തീൻ ജനതയോടൊപ്പമാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ ഐക്യദാർഢ്യ സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവർ പങ്കെടുത്തു.