TRENDING:

ആർ ബാലകൃഷ്ണപിള്ള: നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ കാരണവരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അനുസ്മരിച്ച് നേതാക്കൾ

Last Updated:

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. കേരള നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്ക് അദ്ദേഹം വഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
advertisement

Also Read-  മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകൻ, സമർത്ഥനായ നിയമസഭാ സാമാജികൻ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള. എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ അതിശക്തമായി അതിനെ എതിർത്തിരുന്നു. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ എന്നും നിലകൊണ്ടു. വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വകുപ്പുകളെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രഗത്ഭനായ മന്ത്രിയായിരുന്നു. സ്വന്തം അഭിപ്രായം നിർഭയം തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണപിള്ള.

advertisement

Also Read- ആർ ബാലകൃഷ്ണപിള്ള നിയമസഭയിലെത്തിയത് 25-ാം വയസിൽ; ആറുതവണ മന്ത്രി; കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന അതികായൻ

കേരള രാഷ്ട്രീയത്തിൽ കാരണവർ സ്ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിന് പൊതുവിലും ഇടതുമുന്നണിക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ബാലകൃഷ്ണ പിള്ളയുടെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

'കേരള രാഷ്ട്രീയത്തിലെ അതികായൻ': രമേശ് ചെന്നിത്തല

കേരളാ കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്‌ണപിള്ളയുടെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു. കേരളാ രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണ കർത്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കേരളമുള്ള കാലത്തോളം അദ്ദേഹത്തിന്റെ സംഭാവനകൾ സ്മരിക്കപ്പെടുമെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

advertisement

'നിലപാടുകൾ കൊണ്ട് ഒറ്റയാനായി നിന്ന കരുത്തുറ്റ നേതാവ്': സ്പീക്കർ

മുൻമന്ത്രി ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തിൽ സ്‌പീക്കർ അനുശോചിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലും കേരള രാഷ്ട്രീയ ചരിത്രത്തിലും തന്റേതായ നിലപാടുകൾ കൊണ്ട് ഒറ്റയാനായി നിന്ന കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികളിൽ തന്റേതായ വഴി തീർത്ത നേതാവാണ് ബാലകൃഷ്ണപിള്ള എന്നും സ്പീക്കർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.

'ചരിത്രത്തില്‍ ഇടംനേടിയ രാഷ്‌ട്രീയ നേതാവ്': കോടിയേരി ബാലകൃഷ്ണൻ

advertisement

കേരള രാഷ്‌ട്രീയത്തെ അഗാധമായി സ്വാധീനിച്ച ചരിത്രത്തില്‍ ഇടംനേടിയ രാഷ്‌ട്രീയ നേതാവാണ്‌ ആര്‍.ബാലകൃഷ്‌ണപിള്ളയെന്ന്‌ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ നയവൈകല്യത്തിനെതിരെ കേരള കോണ്‍ഗ്രസ്സ്‌ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചതടക്കമുള്ള പിള്ളയുടെ സംഭാവനകള്‍ രാഷ്ട്രീയ കേരളത്തിന്‌ മറക്കാനാവുന്നതല്ല. താന്‍ തുടങ്ങിവെച്ച രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന ബാലകൃഷ്‌ണപിള്ള വിടവാങ്ങിയത്‌ മുന്നണിയ്‌ക്ക്‌ തുടര്‍ഭരണം ലഭിച്ച വേളയിലാണെന്നത്‌ ഏറെ ദുഃഖകരമാണ്‌.

നിയമസഭയ്‌ക്കകത്തും പുറത്തും പിള്ളയുമായി ഇണങ്ങിയും പിണങ്ങിയും ഞങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പക്ഷേ, എല്ലാകാലത്തും വ്യക്തിപരമായി നല്ല സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണകാലയളവില്‍ മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഉള്‍പ്പെടെ അദ്ദേഹം അനുഷ്‌ഠിച്ച പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും എല്‍ഡിഎഫിനും ഗുണകരമായിരുന്നു. ബാലകൃഷ്‌ണപിള്ളയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി

advertisement

'മികച്ച പാർലമെന്റേറിയൻ': കെ സുരേന്ദ്രൻ

കേരളാ കോൺഗ്രസ് (ബി) നേതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി സജീവ സാന്നിധ്യമായിരുന്നു ബാലകൃഷ്ണൻ പിള്ള. മികച്ച പാർലമെൻററിയനായിരുന്നു അദ്ദേഹം. ബാലകൃഷ്ണപിള്ളയുടെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

'നഷ്ടമായത് കുടുംബ സുഹൃത്തിനെ': മോഹൻലാൽ

കേരളരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം വ്യക്തിമുദ്ര പതിപ്പിച്ച്‌ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രിയപ്പെട്ട ആർ  ബാലകൃഷ്ണപിള്ള സാറിന് ആദരാഞ്ജലികൾ. ഒരു കുടുംബസുഹൃത്തിനെയാണ് ഇന്ന് എനിക്ക് നഷ്ടമായത്. ആ വലിയ വ്യക്തിത്വത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

'പിതൃതുല്യൻ': പി സി ജോർജ്

കേരളാകോൺഗ്രസ്സിന് ജന്മം നൽകിയ നേതാകളിൽ പ്രമുഖൻ, എന്നെ സംബന്ധിച്ചിടത്തോളം പിതൃതുല്യൻ. രണ്ടു മാസം മുൻപ് നേരിൽ കാണുവാൻ സാധിച്ചു, ക്ഷീണിതനാണെങ്കിലും ജോർജ്ജെ എന്ന് വിളിച്ച് എഴുന്നേറ്റിരുന്ന് വളരെ ഏറെ നേരം സംസാരിച്ചിരുന്നു. കൊട്ടാരക്കരയെ ലോകം അറിഞ്ഞത് ബാലകൃഷ്ണപിള്ളയിലൂടെയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

'നിയമസഭയിലെ കാരണവർ': തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമസഭയിലെ ഒരു കാരണവര്‍ എന്ന സ്ഥാനമായിരുന്നു ആര്‍ ബാലകൃഷ്ണപ്പിളളയ്ക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു. നിയമസഭയില്‍ ആര്‍.ബാലകൃഷ്ണപ്പിളള എഴുന്നേറ്റ് നിന്നാല്‍ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകള്‍ സാകൂതം അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരിക്കും- തിരുവഞ്ചൂര്‍ പറഞ്ഞു.

'അദ്ദേഹത്തിന്റെ വിശകലനങ്ങള്‍, അദ്ദേഹത്തിന്റെ നര്‍മങ്ങള്‍, അദ്ദേഹം എടുക്കുന്ന നിയമപരമായ നിലപാടുകള്‍ അതെല്ലാം വളരെ ശ്രദ്ധയോടുകൂടി പഠിച്ചെടുക്കേണ്ട കാര്യങ്ങളായിരിക്കും. അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും കുറവാണ്. അദ്ദേഹം കെ.എസ്.ആര്‍.ടി.സി. കൈകാര്യം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം ഇന്നും ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചര്‍ച്ചാവിഷയമാണ്. ശരി എന്ന് തോന്നുന്ന കാര്യത്തില്‍ കണ്ണുപൂട്ടി നിലപാടെടുക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു. വിമര്‍ശകരോട് സ്വാഭാവികമായും അങ്ങനെ പ്രതികരിക്കുകയും ചെയ്യും. നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.' തിരുവഞ്ചൂര്‍ പറഞ്ഞു.

'തലയെടുപ്പുള്ള നേതാവ്': മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാവായിരുന്നു ബാലകൃഷ്ണപിള്ള. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മികച്ച വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. നിലപാടുകള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നേതാവ്. ശാരീരിക അവശതകള്‍ക്ക് ഇടയിലും അദ്ദേഹം രാഷ്ട്രീയത്തില്‍ സാന്നിദ്ധ്യം അറിയിച്ചു. യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബാലകൃഷ്ണപിള്ള കെ.കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള രാഷ്ട്രിയത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവിനെയാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർ ബാലകൃഷ്ണപിള്ള: നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ കാരണവരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അനുസ്മരിച്ച് നേതാക്കൾ
Open in App
Home
Video
Impact Shorts
Web Stories