തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന അതികായനാണ് ആർ ബാലകൃഷ്ണപിള്ള. കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലാണ്. 25ാം വയസിൽ നിയമസഭയിലെത്തിയ ബാലകൃഷ്ണപിള്ള സമീപകാലംവരെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ, നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മുന്നണികൾക്കുപരി വ്യത്യസ്തമാർന്ന നിലപാടുകളുമായി കേരളരാഷ്ട്രീയത്തിലെ ഒറ്റയാനായി നിലകൊണ്ട രാഷ്ട്രീയ നേതാവ് കൂടിയാണ് ബാലകൃഷ്ണപിള്ള.
വിദ്യാർഥിയായിരിക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി പൊതുപ്രവർത്തനരംഗത്തെത്തിയ ബാലകൃഷ്ണപിള്ള തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസിൽ എത്തി. കെപിസിസി- എഐസിസി എക്സിക്യൂട്ടീവ് കമ്മിറ്റികളിൽ അംഗമായി. 1964 ൽ കെ എം ജോർജിനൊപ്പം കേരള കോൺഗ്രസിന് രൂപം നൽകി കോൺഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളിൽ ഒരാളായി. ജോർജ് ചെയർമാനായ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ കൂടിയായിരുന്നു അദ്ദേഹം.
Also Read- മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു
കെ എം ജോർജിന്റെ മരണത്തിന് പിന്നാലെ പാർട്ടിയിൽ ഭിന്നതയുണ്ടായി. തുടന്ന് കേരള കോൺഗ്രസ് പിളരുകയും 1977ൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.1960 ൽ 25ാം വയസിൽ പത്തനാപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1965ൽ കൊട്ടാരക്കരയിൽനിന്ന് വിജയിച്ചെങ്കിലും 1967ലും 1970ലും പരാജയപ്പെട്ടു. 1971ൽ മാവേലിക്കരയിൽ നിന്ന് ലോക്‌സഭാംഗമായി. 1977 മുതൽ 2001 വരെ തുടർച്ചയായ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കരയിൽനിന്ന് ജയിച്ചു. 2006ൽ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു.
1975ൽ അച്യുതമേനോൻ മന്ത്രിസഭയിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിയായത്. ഗതാഗത- എക്സൈസ് വകുപ്പുകളായിരുന്നു വഹിച്ചിരുന്നത്. പിന്നീട് ഇ കെ നായനാർ, കെ കരുണാകരൻ, എ കെ ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്‌തു. 1980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചു. ‘പഞ്ചാബ് മോഡൽ പ്രസംഗം’ എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യവും ഇതിനിടെ അദ്ദേഹത്തിനുണ്ടായി.
1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ബാലകൃഷ്ണ പിള്ള. എന്നാൽ കാലാവധി പൂർത്തിയാകുംമുൻപ് കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ജയിൽമോചിതനായി.
കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എംഎൽഎയും അദ്ദേഹമാണ്. 1964 മുതൽ 87 വരെ തുടർച്ചയായി ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്തിന്റെയും 1987 മുതൽ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചു. മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിച്ചു.
1980ൽ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്ര റെക്കോർഡായി കുറെ കാലം നിലനിന്നു. 1982 ലാണ് വീണ്ടും യുഡിഎഫിലെത്തിയത്. ‘പ്രിസണർ 5990’ എന്ന പേരിൽ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. 2018 ൽ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്(ബി) വീണ്ടും എൽഡിഎഫിലെത്തി.
രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ആർ. ബാലകൃഷ്ണപിള്ള ക്യാമറക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയിൽ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി. 1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ ‘വെടിക്കെട്ടി’ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. ‘വെടിക്കെട്ടി’ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിന്നീടും സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും അവസരങ്ങൾ തേടിയെത്തിയെങ്കിലും രാഷ്ട്രീയം തട്ടകമാക്കുകയായിരുന്നു പിള്ള.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.