കന്യാസ്ത്രീകളെ ജയിലിൽ നിന്ന് മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് ബിജെപി എടുത്തോട്ടെയെന്നും തങ്ങൾക്ക് വേണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി. ആ ക്രെഡിറ്റ് എടുക്കുന്നതോടൊപ്പം ഭരണഘടന നൽകുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെയും തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകർത്തതിന്റെയും സ്വച്ഛമായി സഞ്ചരിക്കാൻ അനുവദിക്കാത്തതിന്റെയും കള്ളക്കേസ് ചുമത്തിയ കാരാഗൃഹത്തിൽ അടച്ചതിന്റെയും തിരുവസ്ത്രത്തിൽ ക്രിമിനലുകൾക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ചതിന്റെയും ജാമ്യം എതിർത്തതിന്റെയുമൊക്കെ ക്രെഡിറ്റ് അവർ എടുത്തോട്ടെയെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഞങ്ങൾക്ക് ക്രെഡിറ്റൊന്നും വേണ്ടെന്നും തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്. പീഡിതർക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണെന്നും രോദനങ്ങൾക്ക് കാതോർക്കുന്നതു കർത്തവ്യമല്ല, മനുഷ്യത്വമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ മനുഷ്യരാകുമോ എന്നും ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
advertisement