ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പൊതുസമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. ഇക്കാര്യത്തിൽ ജയിൽ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴിൽ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴിൽ പരിശീലനം തടവുകാർക്ക് നൽകും. മനുഷ്യത്വപരമായ സമീപനം ജയിലുകളിൽ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫയർ ഫണ്ട് ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു" എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പരിപാടിയിൽ കെ.ടി.ജലീൽ എം.എൽ.എ അധ്യക്ഷനായിരുന്നു. പരിഷ്കൃത സമൂഹത്തിനനുസരിച്ച് ജയിൽ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും ജയിലുകൾ വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
advertisement
അന്തേവാസികളുടെ ശാരീരികവും മാനസികവുമായ തിരുത്തൽ പ്രക്രിയകൾക്ക് ഉതകുന്ന രീതിയിൽ ജയിൽ അന്തരീക്ഷം മാറണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
കേരള സർക്കാർ നിർമിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെൻട്രൽ ജയിലുമാണ് തവനൂർ കൂരടയിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മറ്റ് മൂന്ന് ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം.
'യു' ആകൃതിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ നിര്‍മിച്ചിരിക്കുന്നത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സി.സി.ടി.വി ക്യാമറ, വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം, തടവുകാര്‍ക്കായി ആധുനിക രീതിയിലുള്ള കൂടിക്കാഴ്ചാ മുറി, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള, തുടങ്ങിയവയാണ് ജയിലില്‍ ഒരുക്കിയിട്ടുള്ളത്.
തടവുകാര്‍ക്ക് ഫ്ളഷ് ടാങ്ക് സൗകര്യത്തോടെ യുള്ള 84 ടോയ്ലറ്റുകളും ഷവര്‍ സൗകര്യത്തോടെ ഉള്ള 44 ബാത്ത്‌റൂമുകള്‍ ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങള്‍ക്ക് വേണ്ടി ഒരു കെട്ടിടവും നിലവിലുണ്ട്.
തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ ശാലകള്‍ക്ക് വേണ്ടിയുള്ള ഹോം സൗകര്യവും കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. തടവുകാരെ ചികിത്സിക്കുന്നതിനായി ഇനിയും പുറത്തുള്ള ആശുപത്രുകളെ ആശ്രയിക്കേണ്ടിവരും. സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളില്‍ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും.