TRENDING:

ലൈഫ് മിഷൻ, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത...; മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് വി ഡി സതീശൻ

Last Updated:

മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം ചില ചോദ്യങ്ങള്‍ തിരിച്ചും ചോദിക്കാനുണ്ടെന്നും അതിന് മറുപടി നല്‍കാന്‍ തയ്യാറുണ്ടോ എന്നും സതീശന്‍ ചോദിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലൈഫ്മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ ക്ഷണം. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം ചില ചോദ്യങ്ങള്‍ തിരിച്ചും ചോദിക്കാനുണ്ടെന്നും അതിന് മറുപടി നല്‍കാന്‍ തയ്യാറുണ്ടോ എന്നും സതീശന്‍ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് ഇതുസംബന്ധിച്ച ദീര്‍ഘമായ പോസ്റ്റ് വി ഡി സതീശൻ പങ്കുവെച്ചത്.
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും
advertisement

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

ബഹു. മുഖ്യമന്ത്രീ,

അങ്ങ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണിത്. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് ഞാന്‍ തയാറാണ് എന്നതു കൂടി അറിയിക്കട്ടെ. സ്ഥലവും തീയതിയും അങ്ങേയ്ക്ക് തന്നെ തീരുമാനിക്കാം. എന്റെ നിര്‍ദ്ദേശം ഏറ്റെടുക്കുമെന്ന് കരുതട്ടെ.

ശബരിമല ശാസ്താവിന്റെ ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ല.

advertisement

പിന്നെ, അങ്ങ് പറഞ്ഞതു പോലെ എം.എല്‍.എയ്ക്കെതിരായ പീഡന പരമ്പര; അക്കാര്യത്തില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. അങ്ങയുടെ ആദ്യ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കാട്ടിയ വിക്രിയകള്‍ മറന്നതോ മറന്നെന്നു നടിക്കുന്നതോ? ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആ രണ്ടു പേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഇത്രയും പറഞ്ഞതു കൊണ്ട് ഒന്നു കൂടി ചോദിക്കട്ടെ, ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാര്‍ട്ടി എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?

advertisement

അപ്പോള്‍ ഒരു ഡസണില്‍ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്ത് പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുന്നത്. എന്റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്; മുഖ്യമന്ത്രീ, നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നത്.

പി.ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ ഞാന്‍ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അങ്ങ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. എപ്പോഴും ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാല്‍ പോരല്ലോ. പരസ്യ സംവാദമെന്ന എന്റെ നിര്‍ദ്ദേശം അങ്ങ് ഏറ്റെടുക്കുമെന്ന് കരുതട്ടെ.

advertisement

▶️ ലൈഫ് മിഷന്‍

മുഖ്യമന്ത്രിയുടെ ചോദ്യം; മുഖ്യമന്ത്രിയുടെ ചോദ്യം; ലൈഫ് മിഷന്‍ അടക്കമുള്ള 4 മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എംഎം ഹസ്സന്‍ പ്രഖ്യാപിച്ചത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹസ്സനെ തള്ളിപ്പറയുന്നില്ല?

🔁 മറുപടിയും മറുചോദ്യവും;

കേരളത്തില്‍ ലൈഫ് പദ്ധതി വന്നതിനു ശേഷമാണ് പാവങ്ങള്‍ക്ക് വീട് വച്ചു നല്‍കിയതെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4.5 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. (അങ്ങയുടെ മന്ത്രിമാര്‍ നിയമസഭയില്‍ തന്ന മറുപടി) ഇന്ദിര ആവാസ് യോജന, മത്സ്യ തൊഴിലാളികള്‍, എസ്.സി എസ്.ടി എന്നിവര്‍ക്ക് അടക്കമുള്ള വിവധ പദ്ധതികളിലൂടെയാണ് ഇത് നടപ്പിലാക്കിയത്. ഇതെല്ലാം സംയോജിപ്പിച്ചു കൊണ്ട് അങ്ങയുടെ സര്‍ക്കാര്‍ ലൈഫ് എന്ന പേര് നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നു മാത്രം. എന്നിട്ടും ഒന്‍പതര വര്‍ഷം കൊണ്ട് എത്ര വീടുകളാണ് നല്‍കിയത്? യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 5 വര്‍ഷം കൊണ്ട് അര്‍ഹരായ 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വീട് നല്‍കുമെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിരികുന്നത്. യു.ഡി.എഫ് വന്നാല്‍ ആര്‍ക്കും വീട് നല്‍കില്ലെന്ന് എം.എം ഹസന്‍ എവിടെയാണ് പറഞ്ഞത്? സി.പി.എം സൈബര്‍ കടന്നലുകള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കും വേണ്ടി എ.കെ.ജി സെന്ററില്‍ നിന്നും പടച്ചു വിടുന്ന ആടിനെ പട്ടിയാക്കുന്ന ഈ ക്യാപ്സ്യൂള്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് അങ്ങ് വിതരണം ചെയ്യരുത്. ഇതൊക്കെ നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറി വിതരണം ചെയ്യുന്നതല്ലേ നല്ലത്.

advertisement

▶️ വിഴിഞ്ഞം തുറമുഖം

മുഖ്യമന്ത്രിയുടെ ചോദ്യം; മുഖ്യമന്ത്രിയുടെ ചോദ്യം;വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിര്‍പ്പുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മിഷന്‍ ചെയ്തിരിക്കുന്നു. പഴയ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നില്‍ക്കുമോ?

🔁 മറുപടിയും മറുചോദ്യവും;

4000 കോടി രൂപയുടെ പദ്ധതിക്ക് പിന്നില്‍ 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടെന്ന് ആരോപിച്ച അന്നത്തെ പാര്‍ട്ടി സെക്രട്ടറി തന്നെയല്ലേ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി! പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതും നിങ്ങളല്ലേ? അന്ന് നിങ്ങളുടെ ഭീഷണി അവഗണിച്ച് പദ്ധതിയുമായി ഉമ്മന്‍ ചാണ്ടി മുന്നോട്ട് പോയില്ലായിരുന്നെങ്കില്‍ വിഴിഞ്ഞം തുറമുഖം ഇന്ന് യാഥാര്‍ത്ഥ്യമാകുമായിരുന്നോ? ഇതൊക്കെ ചെയ്ത പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് വിഴിഞ്ഞത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ കേരളം ഒന്നടങ്കം ചിരിച്ചു പോകും. ലീഡര്‍ കെ. കരുണകാരനും യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം.വി രാഘവനും തുടക്കമിട്ട പദ്ധതിക്ക് വേണ്ടി എല്ലാം ചെയ്തത് ഉമ്മന്‍ ചാണ്ടിയെന്ന കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ക്രെഡിറ്റ് അടിക്കുക മാത്രമാണ് കേരളത്തിന്റെ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്.

🔁 മറിച്ചൊരു ചോദ്യം; ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനെ നിയോഗിച്ച് വിഴിഞ്ഞം പദ്ധതിയിലെ അഴിമതിയെ കുറിച്ച് അന്വേഷിച്ചിട്ട് എന്തായി? അഴിമതി ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയുകയല്ലേ വേണ്ടത്? വിഴിഞ്ഞം പദ്ധതി 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റെന്ന കുപ്രസിദ്ധ ആരോപണത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ സമരങ്ങളും കോലാഹലങ്ങളും ഉണ്ടാക്കിയതിന് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയുമോ?

▶️ തുരങ്കപാത

മുഖ്യമന്ത്രിയുടെ ചോദ്യം; വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിര്‍ക്കുമോ?

🔁 മറുപടിയും മറുചോദ്യവും;

ഈ ചോദ്യത്തിനുള്ള ഉത്തരം അങ്ങേയ്ക്ക് നന്നായി അറിയാം. പക്ഷെ തെറ്റിദ്ധരിപ്പിക്കുക എന്ന ദുഷ്ടലാക്ക് മാത്രമാണ് ഇതിന് പിന്നിലുള്ളത്. മുണ്ടക്കൈ- ചൂരല്‍മല പ്രദേശങ്ങളിലെ പാവങ്ങളുടെ നിലവിളി ഇപ്പോഴും കേരളത്തിന് മുന്നിലുണ്ട്. ദുരന്തം അതിജിവിച്ചവരുടെ ജീവിതവും അതിനു സാക്ഷ്യമാണ്. ഇപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്ന ഒരു മേഖലയില്‍ പരിസ്ഥിതിക പഠനം പോലും നടത്താന്‍ തയാറാകാത്തതിനെയാണ് ഞാന്‍ എതിര്‍ത്തത്, അല്ലാതെ തുരങ്കപാതയെ അല്ല. പദ്ധതി സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? അതോ കെ റെയില്‍ പോലെ ജനങ്ങളെ പറ്റിക്കാനുള്ള തട്ടിപ്പാണോ? ഇത്രയും വലിയൊരു പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം പോലും വേണ്ടെന്നാണോ? വയനാടിനെ കുറിച്ചും ആ പ്രദേശത്തെ ജനങ്ങളെ കുറിച്ചും ആശങ്കയുള്ളതു കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെയും. ഇതിനൊക്കെ അങ്ങ് ആദ്യം മറുപടി നല്‍കൂ.

▶️ തീരദേശ ഹൈവേ

മുഖ്യമന്ത്രിയുടെ ചോദ്യം; തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നല്‍കുകയുണ്ടായി. നിലവില്‍ അതും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. എതിര്‍പ്പ് തുടരുന്നുണ്ടോ?

🔁 മറുപടിയും മറുചോദ്യവും;

ഡി.പി.ആര്‍ പ്രസിദ്ധീകരിക്കാതെയും സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും വറുതിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെയും തീരദേശ ഹൈവേ നടപ്പിലാക്കാന്‍ പാടില്ലെന്നായിരുന്നു യു.ഡി.എഫ് നിലപാട്. അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. ഏത് തരം വികസന പദ്ധതികളായാലും അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇരകളാക്കപ്പെടുന്നവരെ പരിഗണിക്കാതെ ഒരു പദ്ധതിയും നടപ്പിലാക്കരുത്. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതുന്ന മത്സ്യത്തൊഴിലാളി സമൂഹം ഇന്ന് ഭീഷണിയുടെ മുനമ്പിലാണ്. ഒരു ജനസമൂഹത്തിന്റെയാകെ നിലനില്‍പ്പിനെ ബാധിക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തി ജനസമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെ ഒരു പദ്ധതിയും പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്. അതിനെ വികസനവിരുദ്ധതയായി വക്രീകരിക്കേണ്ട.

▶️ ക്ഷേമ പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ ചോദ്യം; 62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ്. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?

🔁 മറുപടിയും മറുചോദ്യവും;

കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍.ശങ്കറാണ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ആരംഭിച്ചത്. രാജ്യത്ത് ഉടനീളെ ഇത് നടപ്പിലാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഒരു കാലത്തും ക്ഷേമ പെന്‍ഷനെയോ ക്ഷേമ പ്രവര്‍ത്തനങ്ങളെയോ തെരഞ്ഞെടുപ്പിന്റെ പി.ആര്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടില്ല. പാവപ്പെട്ട ജനങ്ങള്‍ മരുന്ന് വാങ്ങാനാണ് ഈ പണം ഉപയോഗിക്കുന്നത്. നിങ്ങള്‍ ആറു മാസം വരെ പെന്‍ഷന്‍ കുടിശിക വരുത്തിയില്ലേ? പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമാണെന്നും അവകാശമല്ലെന്നും പറഞ്ഞ് അധിക്ഷേപിച്ചതും നിങ്ങളുടെ സര്‍ക്കാരല്ലേ? ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എത്ര പേര്‍ ആത്മഹത്യ ചെയ്തു? ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ സമൂഹ്യ പെന്‍ഷന്‍ നിഷേധിച്ച് ജനങ്ങളെ കബളിപ്പിച്ചതും നിങ്ങളുടെ കാലത്തല്ലേ? 6 മാസത്തോളം പെന്‍ഷന്‍ മുടക്കിയിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ടു മാസത്തെ പണം ഒരുമിച്ചു നല്‍കി ജനങ്ങളെ പറ്റിക്കുന്നതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 2021 ല്‍ അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ 2500 ആക്കുമെന്ന് പറഞ്ഞവര്‍ നാലര വര്‍ഷം ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 400 രൂപ വര്‍ധിപ്പിച്ചു. ഇതാണോ നിങ്ങളുടെ വാക്ക് പാലിക്കല്‍?

▶️ ദേശീയപാതാ വികസനം

മുഖ്യമന്ത്രിയുടെ ചോദ്യം; ദേശീയപാത പൂര്‍ത്തീകരിക്കുന്നതില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവര്‍ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?

🔁 മറുപടിയും മറുചോദ്യവും;

ദേശീയ പാത വികസനത്തിന് ഏറ്റവും സഹായകരമായത് യു.പി.എ സര്‍ക്കാര്‍ പാസാക്കിയ എല്‍.എ.ആര്‍.ആര്‍ നിയമമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ദേശീയ പാത വികസനം യു.ഡി.എഫ് എതിര്‍ത്തെന്നത് പച്ചക്കള്ളമാണ്. സംസ്ഥാനത്ത് ഉടനീളെ ദേശീയ പാത തകര്‍ന്ന് വീഴുമ്പോള്‍ 'അയ്യോ ഞങ്ങള്‍ അല്ലേ', എന്ന് പറയുന്ന മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇപ്പോള്‍ ക്രെഡിറ്റ് അടിക്കാന്‍ വരുന്നത് അപഹാസ്യമാണ്. ദേശീയ പാത മരണക്കെണിയായി മാറിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പരാതിയും ഉന്നയിക്കാത്തത്? ദേശീയ പാത തകര്‍ന്നതിനു പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് സമ്മാനപ്പൊതികളുമായി പോയത് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഒന്നിച്ചല്ലേ?

▶️ ഗെയില്‍ പൈപ്പ്ലൈന്‍

മുഖ്യമന്ത്രിയുടെ ചോദ്യം; ഗെയില്‍ പൈപ്പ്ലൈന്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയില്‍ പൈപ്പ്ലൈന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?

🔁 മറുപടിയും മറുചോദ്യവും;

കേരളത്തില്‍ വികസന പദ്ധതികള്‍ക്ക് എതിരെ നടന്ന എല്ലാം സമരങ്ങളും നയിച്ചത് സി.പി.എമ്മും എല്‍.ഡി.എഫുമാണ്. ആ പാപഭാരം യു.ഡി.എഫിന്റെ തലയില്‍ കെട്ടി വയ്ക്കണ്ട. ഗെയില്‍ ഭൂമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞു പ്രക്ഷോഭം നടത്തിയത് ആരാണ്? അദ്ദേഹം ഇപ്പോള്‍ നിങ്ങളുടെ മന്ത്രിസഭയിലെ അംഗമല്ലേ? യു.ഡി.എഫ് വികസന വിരുദ്ധരാണെന്ന പച്ചക്കള്ളം എത്ര ആവര്‍ത്തിച്ചാലും കേരള ചരിത്രവും ജനങ്ങളും അത് പുച്ഛിച്ച് തള്ളും.

▶️ കിഫ്ബി

മുഖ്യമന്ത്രിയുടെ ചോദ്യം; കേരളത്തിന്റെ അതിജീവന ബദലായി ഉയര്‍ന്ന കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോക്കിയപ്പോള്‍ അതിനും കൂട്ടുനില്‍ക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?

🔁 മറുപടിയും മറുചോദ്യവും;

ബജറ്റ് വഴി പദ്ധതി അടങ്കലിന്റെ ഭാഗമായി നടത്തികൊണ്ടിരുന്ന പദ്ധതികള്‍ മാത്രമാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചില്ല. 2024-25 ല്‍ പദ്ധതി 50 ശതമാനം വെട്ടി കുറച്ചു. പദ്ധതിയില്‍ കുറവ് വരുത്തിയതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കിഫ്ബി നടപ്പിലാക്കിയത്. കിഫ്ബി കടമെടുത്ത പണം കേരളം തന്നെയല്ലേ വീട്ടേണ്ടത്?

കിഫ്ബി വഴി അംഗീകാരം നല്‍കിയ പദ്ധതികളില്‍ 20% പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഉയര്‍ന്ന പലിശയ്ക്ക് കടം വാങ്ങാനുള്ള മറ്റൊരു മാര്‍ഗ്ഗം മാത്രമാണ് കിഫ്ബി. മസാല ബോണ്ടില്‍ 2150 കോടി കടമെടുത്ത് അഞ്ചു വര്‍ഷം കൊണ്ട് 3195 കോടി തിരിച്ചടച്ച ധനകാര്യ മിസ് മാനേജ്‌മെന്റിന്റെ പേരാണ് കിഫ്ബി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊച്ചി മെട്രോ, വിഴിഞ്ഞം, കണ്ണൂര്‍ എയര്‍പോര്‍ട്ട് അടക്കമുള്ള വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കത്തതും കാര്യക്ഷമവുമായ സാമ്പത്തിക മോഡല്‍ വഴിയുമാണ് നടപ്പിലാക്കിയത്. അത് നിലനില്‍ക്കെ എന്തിനാണ് അങ്ങ് ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ പോയി മണിയടിച്ച് സ്വയം ഇളിഭ്യനായത്? അതൊക്കെ കേരളം മറക്കുമെന്നാണോ കരുതുന്നത്?

▶️ മുഖ്യമന്ത്രിയുടെ ചോദ്യം: കിഫ്ബി വഴി നാട്ടിലെ സ്‌കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണ്?

🔁 ഈ ചോദ്യത്തിനുള്ള മറുപടി മുകളിലുണ്ട്. പി.ആര്‍ ഏജന്‍സിയാണ് അങ്ങയുടെ ചോദ്യങ്ങള്‍ക്ക് പിന്നിലെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം.

▶️ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

മുഖ്യമന്ത്രിയുടെ ചോദ്യം; അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകര്‍ഷിച്ച നേട്ടത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കിട്ടുന്നതിന് തടസ്സമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാന്‍ പാര്‍ലമെന്റില്‍പോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?

🔁 മറുപടിയും മറുചോദ്യവും:

4.5 ലക്ഷം പരമ ദരിദ്രര്‍ ഉണ്ടെന്ന് മാനിഫെസ്റ്റോയില്‍ പറയുകയും അതി ദാരിദ്രരായ 5.91 മഞ്ഞ കാര്‍ഡ് ഉടമകള്‍ ഉണ്ടെന്ന് നിയമസഭയില്‍ ഉത്തരം നല്‍കുകയും ചെയ്തവരാണ് അതിദാരിദ്ര്യമുള്ള 64000 പേര്‍ മാത്രമെ സംസ്ഥാനത്ത് ഉള്ളൂവെന്ന് പറയുന്നത്. ഇതെന്തു മായാജാലമാണ്! എന്ത് പഠനമാണ് നിങ്ങള്‍ നടത്തിയത്? അതിദാരിദ്ര്യ മുക്തമെന്ന പ്രഖ്യാപനത്തിലൂടെ പാവങ്ങളെ വഞ്ചിക്കുകയല്ലേ അങ്ങയുടെ സര്‍ക്കാര്‍ ചെയ്യുന്നത്? ഇടത് സഹയാത്രികരായ വിദഗ്ധര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇനിയെങ്കിലും മറുപടി നല്‍കാന്‍ അങ്ങ് തയാറാകുമോ? യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ മഞ്ഞ കാര്‍ഡ് ഉടമകളെയും അതി ദാരിദ്ര്യ മുക്തമാക്കാന്‍ ആശ്രയ പദ്ധതി പുനരാരംഭിക്കും.

▶️ കേരള ബാങ്ക്

മുഖ്യമന്ത്രിയുടെ ചോദ്യം; കേരള ബാങ്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവില്‍ വന്നില്ലേ? ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലവിലെ നിലപാട് എന്താണ്?

🔁 മറുപടിയും മറുചോദ്യവും;

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മുന്നില്‍ അടിയറവ് വയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. മുന്‍പ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കൊ മറ്റു സ്ഥാപനങ്ങള്‍ക്കോ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ജില്ല സഹകരണ ബാങ്കുകള്‍ സഹായത്തിന് വരുമായിരുന്നു. ഇപ്പോള്‍ അതിനു പോലും സാധിക്കാത്ത അവസ്ഥയാണ്. കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തിയിരുന്ന സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നിങ്ങളുടെ ഭരണകാലത്തല്ലേ തകര്‍ന്നത്? കരുവന്നൂരില്‍ എത്ര പേരാണ് ഇപ്പോഴും പണം കിട്ടാതെ അലയുന്നത്? എത്ര പേര്‍ക്ക് നിങ്ങള്‍ പണം തിരിച്ചു നല്‍കി? കരുവന്നൂര്‍ കൊള്ള നടത്തിയ സഖാക്കളെ ഇപ്പോഴും നിങ്ങള്‍ പൊതിഞ്ഞു പിടിച്ചിരിക്കുകയല്ലേ? വയനാട്ടിലെ ബ്രഹ്‌മഗിരി സംഘത്തിലും നിങ്ങള്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പല്ലേ നടത്തിയത്?

▶️ കെ ഫോണ്‍

മുഖ്യമന്ത്രിയുടെ ചോദ്യം; കെ ഫോണ്‍ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോള്‍ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്ററസ്റ്റ്?

🔁 മറുപടിയു മറുചോദ്യവും:

പ്രതിപക്ഷ നേതാവിന് ഒരു ഇന്ററസ്റ്റ് മാത്രമേയുള്ളൂ. അത് പബ്ലിക് ഇന്ററസ്റ്റാണ്. അയ്യപ്പന്റെ സ്വര്‍ണ്ണം പോലും കക്കുന്നവര്‍ക്ക് എന്ത് ഇന്ററസ്റ്റാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. 20 ലക്ഷം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനെന്ന പേരില്‍ 1500 കോടി രൂപ ചിലവഴിച്ച പദ്ധതിയില്‍ ഇതുവരെ എത്ര പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി? പദ്ധതിയുടെ കരാര്‍ നേടിയവരില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയും പാര്‍ട്ടി ബന്ധുക്കളുടെയും പങ്കാളിത്തമുള്ള കമ്പനികളുണ്ടോ? ഇതിനെല്ലാം ഉത്തരം നല്‍കാന്‍ അങ്ങ് ബാധ്യസ്ഥനാണ്.

▶️ ചൂരല്‍മല-മുണ്ടക്കൈ

മുഖ്യമന്ത്രിയുടെ ചോദ്യം; ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോണ്‍ഗ്രസ്സ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വെക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വെക്കുന്നത് എന്നും വെളിപ്പെടുത്താമോ?

🔁 മറുപടിയും മറുചോദ്യവും;

വയനാട് ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴല്ലേ സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അനുവദിക്കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അവസാന നിമിഷം കാലുമാറിയത് നിങ്ങള്‍ തന്നെയല്ലേ? ഒരു വര്‍ഷമെടുത്താണ് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയത്. സ്ഥലം അനുവദിക്കില്ലെന്നു സര്‍ക്കാര്‍ പറഞ്ഞ ശേഷമാണ് അത് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമം തുടങ്ങിയത്. സ്വന്തമായി സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാന്‍ തുടക്കത്തിലെ തീരുമാനിച്ച മുസ്ലീലീഗ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വീട് നിര്‍മ്മാണത്തിനായി ഞങ്ങള്‍ മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിയമ പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടുകളുടെ പണം സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുണ്ടല്ലോ. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം വേറെയും. അപ്പോള്‍ പിന്നെ വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് എത്തിയ 773 കോടിയില്‍ എത്ര രൂപയാണ് ഇതുവരെ ചെലവഴിച്ചത്? വീട്ടുവാടകയോ ചികിത്സാ സഹായമോ നല്‍കാന്‍ നിങ്ങള്‍ തയാറായില്ലല്ലോ. പഠനം മുടങ്ങിയ കുട്ടികളെയെങ്കിലും സഹായിക്കാന്‍ നിങ്ങള്‍ തയാറായോ? ഏതായാലും കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് സി.പി.എം പ്രഖ്യാപിച്ച വീടുകള്‍ പോലെയാകില്ല കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

▶️ കെ-റെയില്‍

മുഖ്യമന്ത്രിയുടെ ചോദ്യം; സില്‍വര്‍ ലൈനിന്റെ കുറ്റി പറിക്കാന്‍ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റെയില്‍പാത വേണ്ട എന്നു അഭിപ്രായമുണ്ടോ?

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. അവയെല്ലാം ചേര്‍ത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ?

🔁 മറുപടിയും മറുചോദ്യവും:

'കെ- റെയില്‍ വരും കേട്ടോ' എന്ന വീരവാദം മുഴക്കിയിട്ട് എത്ര കാലമായി. മുകളില്‍ മെട്രോ താഴെ വാട്ടര്‍മെട്രോ രണ്ടിനും ഇടയില്‍ കെ- റെയില്‍ എന്ന അങ്ങയുടെ തൃക്കാക്കര പ്രഖ്യാപനം, അങ്ങ് മറന്നാലും ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്. വലിയ വായിലുള്ള വര്‍ത്തമാനം അല്ലാതെ എന്തെങ്കിലും നടന്നോ? ഇരകളാക്കപ്പെടുമായിരുന്ന ജനങ്ങളുടെ പ്രതിരോധമാണ് കെ-റെയില്‍ സമരത്തില്‍ കണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ യു.ഡി.എഫ് മുന്നോട്ട് വച്ചതുമാണ്. കെ- റെയിലിനു സമാനമായ എംബാങ്ക്മെന്റുകള്‍ ദേശീയപാതയില്‍ ഉടനീളെ തകര്‍ന്ന് വീഴുന്നത് അങ്ങ് കാണുന്നില്ലേ?

ഒന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കാം; ഒന്‍പതര വര്‍ഷം കൊണ്ട് കേരളത്തിന്റെ സമസ്ത മേഖലകളെയും തകര്‍ത്ത് തരിപ്പണമാക്കി കടക്കെണിയിലാക്കിയ നിങ്ങളെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. പി.ആര്‍ വര്‍ക്ക് കൊണ്ടൊന്നും അത് മറച്ചു വയ്ക്കാനാകില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് നിങ്ങള്‍ കല്യാണ വീട്ടിലെ പോക്കറ്റടിക്കാരായതും കേരളം മറന്നിട്ടില്ല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന വിരുദ്ധരായ പിണറായി ഭരണകൂടം വികസനത്തെ കുറിച്ച് കോണ്‍ഗ്രസിനും യു.ഡി.എഫിനും ക്ലാസെടുക്കേണ്ടതില്ല. ഈ പി.ആര്‍ പരിപാടികള്‍ കൊണ്ടൊന്നും നിങ്ങളുടെ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും ശബരിമലയിലെ സ്വര്‍ണക്കൊള്ളയും ജനം മറക്കുമെന്നു കരുതേണ്ട. ബി.ജെ.പിയെ പോലെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന, സംഘപരിവാറിന്റെ തൂവല്‍പക്ഷികളായ നിങ്ങളുടെ ഭരണത്തെ കേരള ജനത തൂത്തെറിയുക തന്നെ ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

⚠️ മറക്കണ്ട, നേരിട്ടുള്ള സംവാദം എന്ന എന്റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഒരിക്കല്‍ കൂടി പ്രതീക്ഷിക്കട്ടെ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് മിഷൻ, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത...; മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് വി ഡി സതീശൻ
Open in App
Home
Video
Impact Shorts
Web Stories