ഇതിനിടെ മാസങ്ങൾക്ക് മുൻപ് കോവിഡ് വന്നതോടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായി. 2019 നവംബറിൽ ആണ് അദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഏതാണ്ട് പൂർണമായും ആശുപത്രി വാസത്തിൽ ആയിരുന്നു അദ്ദേഹം. കോവിഡ് വന്നതിനുശേഷം ന്യൂമോണിയ ബാധിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.
ഇതോടെ ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്ന് നിർത്തേണ്ടിവന്നു. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന 91-ാ മത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് മർത്തോമ പൗലോസ് ദ്വിദിയൻ കാതോലിക്ക ബാവ.
advertisement
1946-ഓഗസ്റ്റ് 30-ന് തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര് കെ.എ. ഐപ്പിന്റെയും കുഞ്ഞിട്ടിയുടെയും രണ്ടാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. കെ.ഐ. പോൾ എന്നായിരുന്നു ആദ്യകാല നാമം. 12- ാം വയസ്സില് അൾത്താര ശുശ്രൂഷകനായി വിശുദ്ധ ജീവിതം തുടങ്ങി.
You may also like:Euro Cup Final|യൂറോ കപ്പ്: കിരീടം റോമിലേക്ക്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ
1973 മെയ് 31- ന് ശെമ്മാശ പട്ടം നേടി. 1973 ജൂണ് രണ്ടിന് വൈദീക പട്ടം സ്വീകരിച്ചു. 1983 മേയ് 14 ന് റമ്പാന് പട്ടം സ്വീകരിച്ചു. പരുമല തിരുമേനിക്കും പുത്തൻകാവ് തിരുമേനിക്കും ശേഷം മലങ്കരസഭയിൽ 40-വയസ്സിനുള്ളിൽ മെത്രാപോലീത്തയായി ഉയർത്തപ്പെടുന്ന വ്യക്തിയാണദ്ദേഹം. 1985 ലാണ് അദ്ദേഹം എപ്പിസ്കോപ്പ ആയത്.
1985 മെയ് 15-ന് 36-മാത്തെ വയസ്സിൽ ചെങ്ങന്നൂര് പുത്തൻകാവ് സെന്റ് മേരീസ് പള്ളിയില് വെച്ച് പൗലോസ് മാര് മിലിത്തിയോസ് എന്ന പേരിലാണ് മെത്രാപോലീത്തയായി ഉയർത്തപ്പെട്ടത്. അതേ വർഷം ഓഗസ്റ്റ് ഒന്നിന് പുതിയതായി രൂപവത്കരിച്ച കുന്നംകുളം ഭദ്രാസനത്തിന്റ പ്രഥമ മെത്രാപ്പോലീത്തയായി. 2006 ഒക്ടോബര് 12-ന് പരുമലയിൽ ചേർന്ന മലങ്കര അസോസ്സിയേഷന് മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.
2010 -ൽ ദിദിമോസ് ബാവ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് നവംബർ ഒന്നിന് പരുമല പള്ളിയിൽ വെച്ച് മാർ മിലിത്തിയോസിനെ പൗലോസ് ദ്വീതിയന് കാതോലിക്കാ ബാവയായി അഭിഷേകം ചെയ്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നിയുക്ത ബാവയെ തെരഞ്ഞെടുക്കാൻ അദ്ദേഹം നിർദേശം നൽകിയിരുന്നു. വരുന്ന ഒക്ടോബറിൽ പുതിയ ബാവയെ തീരുമാനിക്കാൻ ഓർത്തഡോക്സ് സഭ യോഗം വിളിച്ചിട്ടുണ്ട്. അതിനു മുന്നേ തന്നെ കാതോലിക്കാബാവ വിട വാങ്ങുകയായിരുന്നു.
ഓർത്തഡോക്സ് സഭയിൽ ഏറെ സംഭാവന നൽകിയ കാതോലിക്കബാവ കൂടിയാണ് ഓർമയാവുന്നത്. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി സമ്പാദിക്കുന്നതിൽ നിർണായക പങ്കാണ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സ്വീകരിച്ചത്. സഭാതർക്കത്തിൽ സംഘർഷങ്ങൾ ഒഴിവാക്കാനും അദ്ദേഹം ശ്രമം നടത്തി.