സ്ഥിരമായി ചെയ്തിരുന്ന കപ്പ, വാഴ കൃഷികള്‍ കാട്ടുപന്നികളുടെ വിളയാട്ടത്തില്‍ നശിപ്പിക്കപ്പെട്ട് നഷ്ടത്തിൻ്റെ പടുകുഴിയില്‍ വീണതോടെ അതില്‍ നിന്ന് കരകയറാന്‍ കണ്ടുപിടിച്ച ഒരു പരീക്ഷണമായിരുന്നു സൂര്യകാന്തി കൃഷി. ജെന്‍സി തലമുറയെ ലക്ഷ്യം വച്ച് റീല്‍സില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയ സൂര്യകാന്തി കൃഷി നൂറുമേനി വിളഞ്ഞതിൻ്റെ സന്തോഷത്തിലാണ് വണ്ടൂര്‍ കോട്ടോല സ്വദേശി പി.എല്‍. മുഹമ്മദും, ചെറുകോട് മുതീരി സ്വദേശി വി.പി. ഉമ്മറും. ഇരുവരും ചേര്‍ന്ന് പോരൂര്‍ മുതിരി പള്ളിപ്പടിയില്‍ രണ്ടേക്കര്‍ തോട്ടത്തില്‍ വിത്തിറക്കിയ നാലുകിലോ സൂര്യകാന്തിയാണ് വിളഞ്ഞുല്ലസിച്ച് പീതവസന്തം പരത്തി നിറഞ്ഞു നില്‍ക്കുന്നത്. ഒന്നരമാസത്തെ പരിചരണം കൊണ്ടാണ് സൂര്യകാന്തി പൂക്കള്‍ വിടര്‍ന്നത്. മൂന്നു വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ചാണ് പാട്ടകൃഷി ഇറക്കുന്നത്. എന്നാല്‍, കാട്ടുപന്നി ശല്യത്തില്‍ മറ്റൊരു കൃഷിയും വിജയിക്കാതായതോടെ ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തിയില്‍ പ്രതീക്ഷയര്‍പിക്കുകയായിരുന്നെന്ന് മുഹമ്മദ് പറയുന്നു.
advertisement
പൂക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും പൂക്കള്‍ക്കിടയിലൂടെ നടന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനും ആളുകള്‍ എത്തുമെന്നാണ് ഉമ്മറിൻ്റെയും മുഹമ്മദിൻ്റെയും പ്രതീക്ഷ. അതിനിടയില്‍ മഴപെയ്താല്‍ കാര്യങ്ങള്‍ തകിടം മറിയും. യൂട്യൂബേഴ്സും, ജെന്‍സി പിള്ളേരും ഏറ്റെടുത്താല്‍ രക്ഷപ്പെടാമെന്നാണ് ഉമ്മറിൻ്റെ കണക്കുകൂട്ടല്‍.
കര്‍ണ്ണാടകയില്‍ നിന്നാണ് വിത്ത് വാങ്ങിയത്. ഒന്നര ലക്ഷത്തോളം രൂപ ഇതുവരെ ചിലവായിട്ടുണ്ട്. വിരിഞ്ഞ പൂക്കളുടെ കാലാവധി 15 ദിവസം വരെയാണ്. മലപ്പുറം ജില്ലയിലും ഇപ്പോള്‍ ഇത്തരം പൂകൃഷി ധാരാളം നടക്കുന്നുണ്ട്.
