അതീവ സ്ഫുടതയോടെ അതിശയിപ്പിക്കുന്ന ഉച്ഛാരണ ശുദ്ധിയോടെ ഖുര്‍ആനിലെ അധ്യായമായ ഫാത്തിഹ സൂറത്ത് ഓതുകയാണ് ഇന്ദുലേഖ. അറബിക് ഭാഷ പഠിചിട്ടില്ലാത്ത, ഖുര്‍ആന്‍ എങ്ങും നിന്നും പഠിച്ചിട്ടില്ലാത്ത ഈ കൊച്ചുമിടുക്കി അതീവ താത്പര്യത്തോടെ കേട്ടുപഠിച്ചതാണ് ഫാത്തിഹ പാരായണം.
യുകെജി തലം മുതല്‍ കൊണ്ടോട്ടി എക്കാപറമ്പ് മര്‍ക്കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ പഠിച്ച ഇന്ദുലേഖ, സ്‌കൂളിലെ ദിവസവുമുള്ള പ്രാര്‍ത്ഥനയായ ഫാത്തിഹ സൂറത്ത് കേട്ട് പഠിച്ചാണ് പാരായണം ചെയ്തു തുടങ്ങിയത്.
അധ്യാപികയായ അമ്മ വര്‍ഷയും സ്വകാര്യ കമ്പനി ജീവനക്കാരനായ അച്ഛന്‍ ഷിജുവും സംഗീതത്തിലും കലയിലും തത്പരരാണ്. ഈ കലവാസന മകള്‍ക്കും കിട്ടിയിട്ടുണ്ട്. അമ്മ വര്‍ഷ ഗംഭീരമായി പാട്ടുപാടുമ്പോള്‍, ഷിജു അനുകരണ കലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
advertisement
എന്നും സ്‌കൂളില്‍ കേള്‍ക്കുന്ന ഫാത്തിഹ വീട്ടില്‍ വന്ന് ഇന്ദുലേഖ തുടക്കത്തിലൊക്കെ മൂളിയിരുന്നെങ്കിലും , രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ അധ്യാപകനായ അസ്ഹര്‍ ഉച്ഛാരണശുദ്ധിയോടെ പാരായണം ചെയ്യുന്ന വീഡിയോ അയച്ചപ്പോഴാണ് ശ്രദ്ദിച്ചെതെന്ന് അമ്മ വര്‍ഷ പറയുന്നു.
സംഗീതം ഇഷ്ടമുള്ള ഇന്ദുലേഖ, രണ്ടര വയസ്സ് മുതല്‍ അച്ഛനമ്മമാര്‍ക്കൊപ്പം പാടാന്‍ ആരംഭിച്ചിരുന്നു. വിവിധ ഭാഷകളും അവയിലെ കവിതകളും അനായാസം മനസ്സിലാക്കിയെടുക്കുന്ന ഇന്ദുലേഖയ്ക്കും അച്ഛനമ്മമാര്‍ക്കും അറബിക് ഭാഷ ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അറബിക് ഭാഷ പഠിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. എല്ലാ ഗ്രന്ഥങ്ങളും അന്തിമമായി മനുഷ്യനെ പഠിപ്പിക്കുന്നത് നല്ലത് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണെന്ന് വിശ്വസിക്കുന്ന ഷിജുവും വര്‍ഷയും മനുഷ്യത്വവും മനസ്സമാധാനവും തന്നെയാണ് ഏറ്റവും വലിയ സമ്പത്തെന്നും സമൂഹത്തെ പഠിപ്പിക്കുന്നു.