സ്കൂളിനുള്ളിൽ ആയിരുന്നു പട്ടി പ്രസവിച്ചത്. 9 കുഞ്ഞുങ്ങൾ. ആട്ടിയോടിക്കാനും പറ്റില്ല, അവയെ സംരക്ഷിക്കുകയും വേണം. അധ്യാപകർ വാർഡ് കൗൺസിലർ അഷ്റഫിനെ വിവരമറിയിച്ചു. നഗരസഭയിൽ നിന്നും വലിയ കൂടുമായി എത്തി, എമർജൻസി റെസ്ക്യൂ ഫോഴ്സിന്റെ സഹായത്തോടെ പട്ടിയെയും കുഞ്ഞുങ്ങളെയും കൂട്ടിലേക്ക് മാറ്റി.
ഇപ്പോൾ മുക്കട്ട ജംഗ്ഷനിൽ ആണ് കൂടുള്ളത്. കൂട്ടിൽ കണ്ണ് തുറക്കാൻ പോലും ആകാത്ത 9 കുഞ്ഞുങ്ങൾ, അവയ്ക്ക് പാല് കൊടുത്ത് നാട്ടുകാർ പേരിടാതെ തന്നെ ഓമനിക്കുന്ന തെരുവ് പട്ടിയും. ബിസ്കറ്റും പാലും മാത്രമല്ല, ആട്ടിറച്ചി ചെറിയ കഷ്ണങ്ങളാക്കിയതും ഒരു പാത്രത്തിലാക്കി കൂട്ടിൽ വെച്ചിട്ടുണ്ട്. ആരെങ്കിലുമൊക്കെ ആയി അങ്ങാടിയിൽ എപ്പോഴും ഉണ്ടാകും പട്ടിക്കൂടിന് അടുത്ത് തന്നെ.
advertisement
"സ്കൂളിൽ നിന്ന് ആണ് ആദ്യം വിളിച്ചത്. വിറക് പുരയിൽ ആണ് പട്ടി പ്രസവിച്ചത്. കുട്ടികൾക്ക് ഒക്കെ അപകടം തന്നെയാണല്ലോ പട്ടി പ്രസവിച്ചു കിടക്കുന്നത്. അത് എപ്പോൾ വേണമെങ്കിലും അക്രമകാരിയാകാം. മാത്രമല്ല കുട്ടികൾ കല്ലെടുത്ത് എറിയുക വല്ലോം ചെയ്താൽ അതും ബുദ്ധിമുട്ട് ആകും. അങ്ങനെയാണ് നഗരസഭയിൽ നിന്നും വലിയ കൂട് കൊണ്ട് വന്ന് എമർജൻസി റെസ്ക്യൂ ഫോഴ്സിന്റെ സഹായത്തോടെ പട്ടിയെയും കുഞ്ഞുങ്ങളെയും കൂട്ടിലേക്ക് മാറ്റിയത്. ഇപ്പോൾ നാട്ടുകാരാണ് അതിന്റെ കാര്യം നോക്കുന്നത്. കുഞ്ഞുങ്ങൾ കണ്ണ് തുറക്കും വരെ ഇങ്ങനെ നോക്കണം. ബാക്കി പിന്നീട്". കൗൺസിലർ അഷ്റഫ് പറയുന്നു.
പെറ്റ് കിടക്കുന്ന തെരുവ് പട്ടിക്ക് ആട്ടിറച്ചിയും കരുതലും; തെരുവുനായ്ക്കളെ വിഷം നൽകി കൊല്ലുന്ന കാലത്തെ വേറിട്ട കാഴ്ച്ച
"ഇവൾ ഈ നാടിന്റെ ഓമനയാണ്. അങ്ങാടിയിൽ എപ്പോഴും ഉണ്ടാകും. വിശക്കുമ്പോൾ അവള് നമ്മുടെ ഒക്കെ അടുത്ത് വന്ന് കാലിൽ തൊട്ട് ഉരുമ്മി നിക്കും. അപ്പോ തന്നെ ബിസ്കറ്റോ എന്തെങ്കിലുമോ കൊടുക്കും. അവള് പ്രസവിച്ചു കിടക്കുമ്പോൾ ഓടിക്കാൻ പറ്റുമോ " നാട്ടുകാരനായ ബാബു ചോദിക്കുന്നു.
" ഇനി ഇപ്പൊ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കട്ടെ. അത് വരെ അവരൊക്കെ ഇവിടെ കഴിയട്ടെ. ബാക്കി നഗര സഭയുടെ സഹായത്തോടെ തീരുമാനിക്കും " നാട്ടുകാർ പറഞ്ഞു നിർത്തുമ്പോൾ കൂട്ടിൽ കിടന്ന് നന്ദിയോടെ വാലാട്ടി കിടക്കുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പട്ടി.