മനുഷ്യത്വത്തിനും മതസാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട മമ്പുറം അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 186ാമത് ആണ്ടുനേര്‍ച്ചയ്ക്കാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായത്. ഞായറാഴ്ച അസര്‍ നമസ്‌കാരാനന്തരം അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തിയതോടെയാണ് ആത്മീയതയുടെ വിളിയാളത്തിനൊപ്പം മതസാഹോദര്യത്തിന്റെ സന്ദേശവും പെരുമയും കൂടി വിളിച്ചോതുന്നതാണ് ഒരാഴ്ച നീളുന്ന മമ്പുറം നേര്‍ച്ചയ്ക്ക് തുടക്കമായത്.
മമ്പുറം തങ്ങള്‍ മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മഖാമില്‍ വച്ച് കൂട്ടപ്രാര്‍ത്ഥനയ്ക്കും അബ്ബാസലി തങ്ങള്‍ നേതൃത്വം നല്‍കുകയും, ഇസ്ഹാഖ് ബാഖവി ചെമ്മാട് മഖാമില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
advertisement
മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ഫഖറുദ്ദീന്‍ ഹസനിതങ്ങള്‍ കണ്ണാന്തളി ആമുഖപ്രഭാഷണം നടത്തി. എട്ട് മുതല്‍ 12 വരെ തിയ്യതികളില്‍ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും മതപ്രഭാഷണങ്ങള്‍ നടക്കും. മുസ്ഥഫാ ഹുദവി ആക്കോട്, അന്‍വറലി ഹുദവി പുളിയക്കോട്, അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവരാണ് പ്രഭാഷകര്‍. 11 ന് മമ്പുറം സ്വലാത്തിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. 13 ന് മമ്പുറം തങ്ങളുടെ ലോകം' എന്ന പേരില്‍ സെമിനാര്‍ നടക്കും.
രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്ഥഫാ ഫൈസി തിരൂര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ നിര്‍വഹിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. ഉച്ചക്ക് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും.
രണ്ട് നൂറ്റാണ്ടിനിപ്പുറവും മുടക്കമില്ലാതെ സ്വലാത്ത് സദസ്സ് നടന്നുവരുന്നുണ്ട്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് സ്വലാത്ത് സദസ്സ്.