ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംവകുപ്പ് പറഞ്ഞു.
കടുവയെ വെടിവെച്ച് കൊന്നതല്ലെന്ന് വനംവകുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
കടുവയുടെ കഴുത്തിൽ ആഴത്തിൽ പഴക്കമുള്ള മുറിവുണ്ട്. അതിനാൽ, മരണ കാരണം കണ്ടെത്താൻ വിശദമായ പോസ്റ്റുമോർട്ടം നടത്തും. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കഴിഞ്ഞ 24-നായിരുന്നു കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ രാധ കൊല്ലപ്പെട്ടത്. കാപ്പി വിളവെടുപ്പിന് പോയ സമയത്താണ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെ കാപ്പിതോട്ടത്തിലേക്ക് പോയ രാധയെ കൊല്ലപ്പെട്ട നിലയിൽ സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.