തിങ്കഴാഴ്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിലായിരുന്നു ജീവനക്കാരെ ‘വിഷമസന്ധിയിലാക്കിയ’ ലഡു വിതരണ പ്രതിഷേധം നടന്നത്. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ കിട്ടേണ്ട നിക്ഷേപത്തുക 73 ദിവസമായിട്ടും ലഭിച്ചില്ല. തുടർന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതിനൽകി. പിറ്റേദിവസം തുക ലഭിച്ചു. കാലതാമസം വരുത്തിയ നഗരസഭാ ജീവനക്കാരോടുള്ള പ്രതിഷേധം അറിയിക്കാനാണ് ലഡുവുമായി റിട്ട. തദ്ദേശവകുപ്പ് ജീവനക്കാരനായ സലിമോൻ എത്തിയത്.
ചിങ്ങവനം കരിമ്പിൽ സലിമോൻ അസിസ്റ്റന്റ് സെക്രട്ടറി ആയി കുറിച്ചി പഞ്ചായത്തിൽ നിന്നും വിരമിച്ചയാളാണ്. മകളുടെ വിവാഹത്തിന് ഫെബ്രുവരിയിൽ കോട്ടയം നഗരസഭാ ഹാൾ ബുക്കുചെയ്തു. ജൂലായ് 12നായിരുന്നു വിവാഹം. ബുക്ക് ചെയ്തപ്പോൾ നിക്ഷേപത്തുകയായി നൽകിയ പതിനായിരം രൂപ തിരിച്ചുകിട്ടുന്നതിന് 21 ന് നഗരസഭയിൽ അപേക്ഷ നൽകി. പിന്നീട് അന്വേഷിച്ചുചെന്ന ദിവസങ്ങളിലെല്ലാം ഓരോരോ കാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് സലിമോൻ പറയുന്നു. സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ ഒപ്പിട്ടുവിട്ടു, അവിടെ ചോദിക്കൂ... എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഗതികെട്ട് ഒക്ടോബർ മൂന്നിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി. നാലാംതീയതി വൈകിട്ട് നിക്ഷേപത്തുക തിരികെ ലഭിച്ചു.
advertisement