കാസർഗോഡ് ക്ഷേത്ര ഉത്സവത്തിനിടെ തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം, പള്ളിക്കര പാലരക്കീഴിൽ ശ്രീ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെ പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് യുവാവിന് അടിയേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
advertisement
വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തട്ടും വെള്ളാട്ടം എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും. തെയ്യത്തില്‍ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികള്‍ ആര്‍പ്പുവിളികളുമായി ചുറ്റും കൂടും. ഇങ്ങനെ നിന്നതായിരുന്നു മനുവും. തെയ്യത്തിന്റെ തട്ടേറ്റ് വീഴുകയായിരുന്നുവെന്നും എന്നാല്‍ മറ്റു പരുക്കുകള്‍ ഒന്നും ഉണ്ടായിട്ടിലെന്നും, തെയ്യം കണ്ടാണ് മടങ്ങിയതെന്നും ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ചു.
