ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈൽ ചാർജ് ചെയ്യുകയും ഭക്ഷണം കഴിക്കാൻ കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തിയത്. തണ്ടർബോൾട്ട് വീട് വളഞ്ഞെന്ന് മനസിലാക്കിയ വീട്ടിലെ ഒരംഗം ബഹളംവെച്ചു.വ ഇതോടെ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ ഇറങ്ങി ഓടി. ഇവർക്കുനേരെ പൊലീസ് വെടിവെച്ചിട്ടുണ്ട്.
മറ്റ് രണ്ടുപേർ വീടിനുള്ളിൽനിന്ന് മാവോയിസ്റ്റ് സംഘത്തിനുനേരെ വെടിയുതിർത്തു. ഇതോടെ പൊലീസ് തിരിച്ചുംവെടിവെച്ചു. അതിനിടെ വീട്ടിലേക്ക് ഇരച്ചെത്തിയാണ് തണ്ടർ ബോൾട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. ഓടിരക്ഷപ്പെട്ടവർക്ക് വെടിയേറ്റതിനാൽ ഇവർ ചികിത്സതേടിയെത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
advertisement
കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ പോലീസ് കല്പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ സ്ഥലത്തെത്തി. മേഖലയില്‍ വ്യാപക തെരച്ചിൽ നടത്തി. തലപ്പുഴ ഭാഗത്ത് ശക്തമായ സുരക്ഷാ വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരവും പുറത്തുവന്നെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരില്‍ ഉണ്ണിമായയ്ക്ക് വെടിയേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം വയനാട്- കോഴിക്കോട് അതിര്‍ത്തിയിലുള്ള വനമേഖലയില്‍ നിന്ന് മാവോയിസ്റ്റുകളുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്ന ആളെ തണ്ടര്‍ബോള്‍ട്ട് സംഘം പിടികൂടിയിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് തണ്ടര്‍ബോള്‍ട്ട് സംഘം ചോദ്യം ചെയ്തിരുന്നു. വനത്തില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് വിവരം കൈമാറിയ ആളെയാണ് പിടികൂടിയത്. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് അനീഷിന്‍റെ വീട്ടിലേക്ക് മാവോയിസ്റ്റ് സംഘമെത്തുമെന്നുള്ള വിവരം തണ്ടർബോൾട്ടിന് ലഭിച്ചത്.