Marco review : ഭാഷയോ ദേശമോ ഏതുമായിക്കൊള്ളട്ടെ, 'രക്ഷകൻ' ഫോർമാറ്റിന് ഒരുകാലത്തും വിപണിമൂല്യത്തിൽ ഇടിവ് സംഭവിക്കില്ലെന്ന് സിനിമാ മേഖല കാലാകാലങ്ങളായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കോമഡി, ഫാമിലി, ഹൊറർ, ക്രൈം, ത്രില്ലർ ജോണറുകൾ മാറി വന്നാലും, എല്ലാ സിനിമയിലും മറ്റുള്ളവരുടെ സംരക്ഷകൻ അല്ലെങ്കിൽ സംരക്ഷകയായ ഒരാൾ ഉണ്ടാകും. സ്വന്തം കുടുംബത്തിലെ കടം തീർക്കുന്നയാളിൽ തുടങ്ങി, അതിരുകളിൽ പ്രതിരോധം തീർക്കുന്ന സേനാനായകനെ വരെ ഈ കളങ്ങളിൽ ഉറപ്പിക്കാം. ഏതു ചിത്രമെടുത്താലും അതാരാകും എന്ന് ആദ്യപകുതി കഴിയും മുൻപേ സൂചന അവശേഷിച്ചിരിക്കും. സമ്പന്ന കുടുംബത്തിലെ ദത്തുപുത്രനായ മാർക്കോ അത്തരമൊരു ഉദ്യമവുമായി അവതരിച്ച് നരനായാട്ട് നടത്തുമ്പോൾ, മലയാള സിനിമാ ചരിത്രത്തിലെ കൊടൂര വയലൻസിന്റെ മൂർദ്ധന്യഭാവം പ്രേക്ഷകർക്ക് മുന്നിൽ തുറക്കപ്പെട്ടു കഴിഞ്ഞിരിക്കും. മാർക്കോ വന്നാൽ ശുഭപര്യവസായി ആയി എന്ന് കരുതുന്നവർക്ക് മുന്നിലേക്ക് അവർ പ്രതീക്ഷിച്ചതിലുമേറെ സംഭവിക്കാൻ സാധ്യത കൂടുതലാണ്.
advertisement
പ്രേക്ഷകർ ഇന്നും സ്നേഹിക്കുന്ന ഹരിഹർ നഗറിലെ അപ്പുകുട്ടനും ഗോവിന്ദൻകുട്ടിയും തത്സമയം ഒരു പെൺകുട്ടിയിലെ സൂര്യനും തഗ് വേഷങ്ങളിലേക്ക് നടത്തിയ ചുവടുമാറ്റം മറ്റൊരു കാഴ്ചാനുഭൂതിയിലേക്ക് തീർച്ചയായും കൂട്ടിക്കൊണ്ട് പോകും. സംവിധായകൻ ഹനീഫ് അദെനിയുടെ മിഖായേലിൽ മുഖംകാണിച്ച മാർക്കോ ജൂനിയർ എന്ന വില്ലൻ, നായകനായി രൂപാന്തരപ്പെട്ട 'മാർക്കോ' അയാളുടെ ബാക്ക്സ്റ്റോറി മുതൽ കഥാപാത്രവികസനം വരെ ഉരുകിച്ചേർത്ത സൃഷ്‌ടിയാണ്. ഉണ്ണിയുടെ കരിയർ ബെസ്റ്റ് പ്രകടനം എന്ന് വിളിക്കാൻ ഇന്ന് 'മാർക്കോ' കൂടാതെ മറ്റൊരു ചിത്രമില്ല.
ടെയ്‌ലർ മണിയിൽ തുടങ്ങി കരിയറിന്റെ മറുപാതി പിന്നിടുമ്പോൾ കാലം ആവശ്യപ്പെടുന്ന വൈവിധ്യങ്ങൾ പരീക്ഷിക്കാൻ തയാറായ ജഗദീഷിന്റെ മറ്റൊരു മുഖമാണ് കുടിപ്പകയുടെ പാരമ്പര്യം പേറുന്ന, ഗ്യാങ്സ്റ്റർ പ്രതിനായക കഥാപാത്രം ടോണി. പ്രകടനത്തിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന സിദ്ധിഖിന്റെ ജോർജും ഉണ്ണിയുടെ മാർക്കോയും കൂടി ചേർന്നുള്ള മത്സരം ആവേശംചോരാതെ കണ്ടിരിക്കാം. സ്ത്രീകഥാപാത്രങ്ങൾ ഇല്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരത്തിൽ കൂടുതൽ പ്രതീക്ഷ വേണ്ട.
പേരിനൊരു നായകനെങ്കിൽ, പ്രതിനായകന്മാർ ടോണിയിൽ മാത്രം ഒതുങ്ങുന്നില്ല. മുഖപരിചയം ഇല്ലെങ്കിലും, അടുക്കും ചിട്ടയോടും കൂടി, അൽപ്പം പോലും പരിഭ്രമം കൂടാതെ, കണ്ണിൽച്ചോരയില്ലാത്ത കൊലപാതകിയായ ടോണിയുടെ മകൻ റസൽ എന്ന വില്ലൻ ശ്രദ്ധിക്കപ്പെടാൻ സാധ്യതയേറെ. ഇതാരാണാവോ എന്ന് കണ്ടുപിടിക്കാൻ ഇറങ്ങിയാൽ അഭിമന്യു ഷമ്മി തിലകൻ എന്ന പേര് തെളിഞ്ഞുവരും. മുഴുവൻ പേരിന്റെ നടുവിലെയും ഒടുവിലെയും പേരുകൾക്ക് അനുയോജ്യനായ പിന്മുറക്കാരൻ തന്നെ താൻ എന്ന് ആദ്യ സിനിമയിലേ അഭിമന്യു തെളിയിച്ചു കഴിഞ്ഞു. റസലിനെ എഴുത്തിൽ ഉരുക്കിയൊഴിച്ച് വിശകലനം ചെയ്യുന്നതിലുമേറെയുണ്ട് കണ്ടിരിക്കാൻ.
കന്നഡയിൽ പോയി, കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബസ്രൂരിനെ കേരളം കാണിക്കാൻ കൊണ്ടുവന്നതിൽ നിരാശപ്പെടേണ്ടതില്ല. കെ.ജി.എഫ്. നൽകിയ പ്രതീക്ഷയിൽ വയലൻസിന് കൂടെചലിക്കാൻ പറ്റിയ സംഗീതം തീർക്കാൻ രവിയുടെ മാന്ത്രികതക്ക് കഴിഞ്ഞു. പിന്നണിയിൽ ചന്ദ്രു സെൽവരാജിന്റെ ക്യാമറ ഒപ്പിയെടുത്ത ഫ്രയിംസ്, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, ആക്ഷൻ ഡയറക്ടർ കലൈ കിങ്‌സണിന്റെ ആക്ഷൻ സീക്വൻസുകൾ എന്നിവ സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായി മാറുന്നു. പൊതുവേ അടിയിടി, വയലൻസ് പടങ്ങളിൽ സ്ക്രിപ്റ്റ് കുളു-മണാലിക്ക് ട്രിപ്പ് പോയോ എന്ന ആശങ്ക 'മാർക്കോ'യുടെ കാര്യത്തിൽ വേണ്ട.
വയലൻസിന്റെ അതിപ്രസരമെങ്കിലും, വലിയ പ്രതീക്ഷയിലേക്ക് തുറന്നിട്ട വാതിൽപ്പടിയിൽ ആദ്യപകുതി ചെന്നുനിൽക്കുമ്പോൾ, രണ്ടാം പകുതി ആ പ്രതീക്ഷയെ കൈവിടുന്നില്ല. വടിവാൾ, വാക്കത്തി മുതൽ ചെയിൻ സോ മെഷീൻ വരെ എല്ലാം ആദായവിലയിൽ ലഭ്യമാണ്. മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ ഞെരിച്ചും, കടിച്ചുമുറിച്ചും, ഖണ്ഡിച്ചും ലാഘവത്തോടെ വലിച്ചെറിയുന്ന നായക-പ്രതിനായകന്മാരുടെ വില്ലനിസം കണ്ടിരിക്കേണ്ടി വരും പ്രേക്ഷകർക്ക്. പക്ഷേ, ഇവിടെ ചില കാര്യങ്ങളിൽ ക്രിയേറ്റിവ് ഫ്രീഡം എന്ന പേരിൽ പടച്ചുവിട്ട ചിലതെല്ലാം വിമർശിക്കപ്പെടുന്ന അപകടമേഖലയാണ്.
സസ്പെൻസ്, ത്രിൽ, ആക്ഷൻ, മാസ് ചേരുവകകൾ സ്ഥാനഭ്രംശം സംഭവിക്കാതെ വന്നുപോകുമ്പോഴും, മാനുഷികമൂല്യം കണക്കിലെടുത്ത് ചില വയലൻസ് രംഗങ്ങളിൽ കണ്ണ് മുറുകെ പൂട്ടാതിരിക്കാൻ കഴിഞ്ഞില്ല. ചലച്ചിത്ര മേളകളിലെ വിദേശനിർമിത വയലൻസ് പടങ്ങൾ കണ്ട് ബോധക്ഷയം വന്ന് സ്‌ട്രെച്ചറിലേറി പുറത്തേക്ക് പോയ കാഴ്ചക്കാരുടെ വാർത്ത വന്ന കേരളത്തിൽ, ഇനിയിപ്പോൾ അത്തരം ഇറക്കുമതിക്ക് കപ്പം കൊടുത്ത് കാത്തിരിക്കേണ്ട എന്ന സ്ഥിതിവിശേഷമായിക്കഴിഞ്ഞു.
സിനിമ സമൂഹത്തെ സ്വാധീനിക്കുമോ, അതോ സമൂഹത്തിന്റെ പരിച്ഛേദമാണോ സിനിമ എന്ന അടച്ചുറപ്പില്ലാത്ത തർക്കം അവശേഷിക്കവേ, പ്രമേയത്തിലെ പുതുമയ്ക്ക് വേണ്ടി സിനിമ എന്തും പരീക്ഷിക്കാൻ തയാറായാൽ, അത് സമൂഹത്തിലേക്ക് കൈമാറുന്ന സന്ദേശത്തിന്റെ ദൂഷ്യവശങ്ങളെ കണക്കിൽക്കൂട്ടിയേ തീരൂ. 'ക്രൈം പൂശിയ' കുടുംബചിത്രങ്ങളായ ദൃശ്യം പരമ്പര മുതൽ സൂക്ഷ്മദർശിനിയും, സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് ഒട്ടിച്ചിറക്കിയ മാർക്കോയും വരെ ചെന്ന് നിൽക്കുന്ന മേഖലകളെ പുതുമയുടെ പേരിൽ ആഘോഷിക്കണോ എന്ന തീരുമാനം പ്രേക്ഷകരിൽ നിക്ഷിപ്തം.