പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത് വിടി ബല്‍റാം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെ.ആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പിട്ടു. ഇതിന് മറുപടിയുമായി ബല്‍റാം രംഗത്തെത്തുകയും ചെയ്തു. പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്നായിരുന്നു ബല്‍റാമിന്റെ മറുപടി. ഇതിനിടെ ബല്‍റാമിനെ തിരുത്തി കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ധിഖും രംഗത്തെത്തി. എഴുത്തുകാരെ വിമര്‍ശിക്കുന്നതല്ല കോണ്‍ഗ്രസ് സംസ്‌കാരമെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ സിദ്ധിഖിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായി. ബല്‍റാമിന്റേതാണ് ശരിയായ നിലപാടെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം.
advertisement
ഇതിനിടെ ബല്‍റാമിന് പിന്തുണയുമായി കെ.എം ഷാജിയും രംഗത്തെത്തി. എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിലുള്ളതെന്നും ഈ ബ്ലാക്ക് ജീനിയസ്സുകള്‍ നിലകൊള്ളുന്നതും അവര്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു ഷാജിയുടെ വിമര്‍ശനം. ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്‌കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവണ്‍മെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്. ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകള്‍ക്കെന്ത് ആവിഷ്‌കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്തെന്നും കെ.എം ഷാജി ചോദിച്ചു.
