RRTS എന്ന ആശയം ഭാരത സർക്കാർ ആദ്യമായി അവതരിപ്പിക്കുന്നത് 2017-ലെ പുതിയ മെട്രോ റെയിൽ നയത്തിലൂടെയാണ്. ഒരു വലിയ നഗരസമൂഹത്തിനുള്ളിലോ മെട്രോപൊളിറ്റൻ പ്രദേശത്തോ നഗരപ്രാന്തങ്ങളെ നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന യാത്രാസേവനമാണ് റീജിയണൽ റെയിൽ നൽകുന്നത്. കുറഞ്ഞ ദൂരപരിധിയിൽ കൂടുതൽ സ്റ്റോപ്പുകൾ ഇത്തരം സർവീസുകൾക്കുണ്ടാകും. വൻകിട നഗരങ്ങളിൽ സാധാരണമായ RRTS, നഗരമധ്യത്തിലേക്ക് വേഗമേറിയതും സുരക്ഷിതവുമായ പ്രവേശനം നൽകുന്നതിലൂടെ അവിടുത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. ചുരുക്കത്തിൽ, ഇതൊരു മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (MRTS) മാത്രമാണ്.
advertisement
RRTS എന്നത് അംഗീകരിക്കപ്പെട്ട ഒരു റെയിൽവേ സംവിധാനമല്ലാത്തതുകൊണ്ട് "റെയിൽവേ ആക്ടിന്റെ" നിയമപരിധിയിൽ ഇതിന്റെ ആസൂത്രണമോ നിർവ്വഹണമോ നടത്താൻ കഴിയില്ല. ഇത് മെട്രോ ആക്ടിന് കീഴിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യേണ്ട ഒരു മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യൻ റെയിൽവേയുടെ കീഴിലല്ല, മറിച്ച് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്. ഈ സാഹചര്യത്തിൽ, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന ഒരു റെയിൽവേ പാതയെ RRTS എന്ന് വിളിച്ച് കേരള സർക്കാർ എങ്ങനെയാണ് ആസൂത്രണം ചെയ്യുന്നതെന്നും ഇ ശ്രീധരൻ വാർത്താ കുറിപ്പിൽ ചോദിച്ചു.
