കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും ഇ ശ്രീധരൻ അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതിയായിരുന്നു ഇ ശ്രീധരൻ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ പദ്ധതി മുടക്കിയത് താനാണെന്നുള്ള പരാമർശം തെറ്റാണെന്ന് ഇ ശ്രീധരൻ പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതി തുടക്കമിട്ടത് സിപിഎം ആയിരുന്നു. 2010ൽ ജപ്പാൻ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം അതിവേഗ റെയിൽ കേരളത്തിൽ പ്രായോഗികമാണെന്നും ജനങ്ങൾ ഇത് ആവേശത്തോടെ സ്വീകരിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2016ൽ താൻ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡിപിആർ) സമർപ്പിച്ചുവെങ്കിലും, വലിയ ചിലവ് വരുമെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറി കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
advertisement
കെ-റെയിൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും അതിലെ സാങ്കേതികവും പ്രായോഗികവുമായ പിഴവുകൾ മുഖ്യമന്ത്രിക്ക് കത്തുകളിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടായ ബുദ്ധിമുട്ടുകളും പോലീസ് ലാത്തിചാർജ് അടക്കമുള്ള പരാതികളും നിലനിൽക്കെ, കെ-റെയിൽ മുന്നോട്ട് പോകില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചത്. തുടർന്ന് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും തന്റെ നിർദേശങ്ങളിൽ അദ്ദേഹം പൂർണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഒരു കത്ത് അയക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയും ബിജു പ്രഭാകർ ഐഎഎസും തന്റെ അടുത്തെത്തി ചർച്ചകൾ നടത്തി പദ്ധതി ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ കത്ത് അയക്കാമെന്ന് ഏറ്റിട്ട് പത്ത് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ശ്രീധരൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഈ മെല്ലെപ്പോക്ക് കാരണമാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയത്. കെ-റെയിലിനായി 100 കോടി രൂപയോളം ചിലവാക്കി റിപ്പോർട്ട് തയാറാക്കിയിട്ടും ഫലമുണ്ടായില്ല, എന്നാൽ പുതിയ പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ഏകദേശം 12 കോടി രൂപ മതിയാകും. പദ്ധതിയുടെ ഡാറ്റ നേരത്തെ തന്നെ ലഭ്യമായതിനാൽ ഡിഎംആർസി ഈ പഠനം നടത്തുന്നതാണ് ഉചിതമെന്നും 8-9 മാസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കാൻ സാധിക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു.
അതിവേഗ റെയില്‍ പദ്ധതി നടപ്പിലായാൽ റോഡിലെ തിരക്ക് കുറയ്ക്കാനും റോഡ് അപകടങ്ങളിൽ പ്രതിദിനം മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സമയം ലാഭിക്കാനും ഈ പദ്ധതി സഹായിക്കും. റെയിൽവേ എന്നത് കേന്ദ്ര സർക്കാരിന്റെ വിഷയമാണെന്നും, സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിലും കേന്ദ്രത്തിന്റെ നിലപാടിനനുസരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആകെ ചിലവിൽ 30 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബാക്കി 40 ശതമാനം ബോണ്ടുകൾ വഴിയും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
Summary: 'Metroman' E. Sreedharan stated that a high-speed railway is more suitable for Kerala than the Rapid Rail project recently announced by the State Government, noting a significant difference in speed between the two. He explained that while the average speed of a high-speed railway would exceed 200 km/h, the average speed of the Rapid Rail would only be around 70-75 km/h.
