ലോകം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാൻ പരിശ്രമിക്കുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞു മുതലെടുക്കുന്നത് ആത്മഹത്യപരമാണ്. മഹാമാരിക്കാലത്തും മുതലെടുപ്പ് നടത്തുന്നവരോട് ജനങ്ങൾ മറുപടി പറയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
നിയന്ത്രണങ്ങളില്ലാതെ ആളുകൾ പങ്കെടുത്ത വിവാഹങ്ങളും ആൾക്കൂട്ട സമരങ്ങളും വ്യാപന നിരക്ക് കൂടാൻ കാരണമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് മരണനിരക്ക് ഉയരാതിരിക്കുന്നത്.
advertisement
കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഓക്സിജൻ സ്റ്റോക് ഇല്ലെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. കൂടുതൽ ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയമിക്കാൻ ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. പക്ഷേ വേണ്ടത്രയാളുകൾ മുന്നോട്ട് വരാതിരിക്കുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് നെഗറ്റീവ് ആയവരുടെ ആരോഗ്യപ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുണ്ട്. കോവിഡ് ഭേദമായവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പലരും ഇത് കാര്യമാക്കിയില്ല. പക്ഷേ ഇപ്പോൾ ഒരു വലിയ വിഭാഗം ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.
എല്ലാ ജില്ലകളിലും പോസ്റ്റ് കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇകാര്യത്തിൽ ആയുഷ് വകുപ്പിനെ കൂടി പങ്കാളികളാക്കും. വൈറസിന്റെ ജനിതക ഘടനയിൽ മാറ്റം വന്നിട്ടുണ്ടെന്ന് മലബാറിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിലെ സംഘമാണ് ഈ പഠനം നടത്തിയത്. കൂടുതൽ പഠനങ്ങൾ വേണമെന്ന് ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
