TRENDING:

'ഒരു സാധാരണ മൊല്ലാക്കയുടെ മകൻ, ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്': സ്വപ്നയുടെ മൊഴിയിൽ വിശദീകരണവുമായി മന്ത്രി കെ.ടി ജലീൽ

Last Updated:

ചമൽക്കാരങ്ങളില്ലാത്ത ഒരു കുടുംബ പശ്ചാതലത്തിൽ നിന്ന് വരുന്ന ഒരു പാവപ്പെട്ട മിടുക്കനോട് ഒരു ഭരണകർത്താവ് ചെയ്യേണ്ടതെന്തോ അതു ചെയ്തു എന്നു ചുരുക്കം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ ആയിരുന്നു അലാനുദ്ദീനെക്കുറിച്ച് പരാമർശം നടന്നത്. യു എ ഇ കോൺസുലേറ്റിൽ അലാവുദ്ദീൻ എന്ന പരിചയക്കാരന് ജോലി തരപ്പെടുത്താൻ മന്ത്രി കെ.ടി ജലീൽ തന്നെ വിളിച്ചുവെന്ന് ആയിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ.ടി ജലീൽ. 'ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്' എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.
advertisement

മന്ത്രി കെ.ടി ജലീലിന്റെ വിശദീകരണക്കുറിപ്പ്,

'ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്.

മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേഴ്സണൽ സെക്രട്ടറിയായി, ഒൻപത് വർഷം സേവനമനുഷ്ടിച്ച അലാവുദ്ദീൻ ഹുദവിയുടെ ബയോഡാറ്റയാണ്, UAE കോൺസുലേറ്റിലേക്ക് അയച്ചു കൊടുത്തത്. ഇതാണ് എന്തോ ആനക്കാര്യം സ്വപ്ന സുരേഷ് പറഞ്ഞു എന്ന രൂപേണ, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്.

You may also like:20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ [NEWS]സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് [NEWS] പ്രശസ്ത ടിക് - ടോക് താരം അമൽ ജയരാജ് മരിച്ച നിലയിൽ; ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു [NEWS]

advertisement

ഒന്നാം റാങ്കോടെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ അറബിക് പാസ്സായ അലാവുദ്ദീൻ, യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് എം.ഫിൽ പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പി.എച്ച്.ഡി ചെയ്യുകയാണ്. എം. മുകുന്ദന്റെ മാസ്റ്റർപീസായ "മയ്യഴി പുഴയുടെ തീരങ്ങളിൽ" എന്ന നോവൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ അലാവുദ്ദീൻ ഹുദവി, മലയാള മനോരമ ദേശീയാടിസ്ഥാനത്തിൽ ഒ.വി വിജയന്റെ രചനകളെ കുറിച്ച് സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള പ്രബന്ധ മൽസരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സരത്തിലും, അലാവുദ്ദീനായിരുന്നു ഒന്നാം സ്ഥാനം. അഭിവന്ദ്യനായ ഷാർജ സുൽത്താനെക്കുറിച്ച് അറബിയിലും ഇംഗ്ലീഷിലും ഗ്രന്ഥരചന നടത്തിയിട്ടുളള അലാവുദ്ദീൻ ഹുദവി പാണക്കാട് കൊടപ്പനക്കൽ കുടുംബവുമായും ലീഗ് നേതാക്കളുമായും സമസ്തയുടെ പണ്ഡിതശ്രേഷ്ഠരുമായും അടുത്ത ബന്ധം പുലർത്തുന്ന യുവ പണ്ഡിതൻ കൂടിയാണ്.

advertisement

സമാദരണീയനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം അറബിയിൽ തയ്യാറാക്കിയിട്ടുള്ളതും അലാവുദ്ദീനാണ്. വിവിധ കലാ-സാംസ്കാരിക സംഘടനകൾ നടത്തിയ സാഹിത്യ മത്സരങ്ങളിലും അദ്ദേഹം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അംബേദ്കർ നാഷണൽ എക്സലൻസി അവാർഡ്, കെ. മൊയ്തു മൗലവി സാഹിത്യ അവാർഡ്, പി.എം. മുഹമ്മദ്കോയ ഫൗണ്ടേഷൻ അവാർഡ്, മഹാത്മാ ഫൂലെ എക്സലൻസി അവാർഡ് എന്നീ അംഗീകാരപ്പതക്കങ്ങളും തന്റെ ചെറു പ്രായത്തിനിടയിൽ അലാവുദ്ദീൻ കരസ്ഥമാക്കി. കേരളീയ നവോത്ഥാനത്തിന് ശിലപാകിയ ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം അറബി ഭാഷയിൽ ഇദംപ്രഥമമായി തയ്യാറാക്കുന്നതും ഇതേ അലാവുദ്ദീൻ ഹുദവിയാണ്.

advertisement

മലപ്പുറം ജില്ലയിലെ ഒരു സാധാരണ മൊല്ലാക്കയുടെ മകനായി ജനിച്ച്, സ്വന്തം കഴിവിന്റെ മികവിൽ ശ്രദ്ധേയനായ അലാവുദ്ദീൻ എന്ന ചെറുപ്പക്കാരൻ, UAE കോൺസുലേറ്റിൽ ഒരു ദ്വിഭാഷിയുടെ ഒഴിവുണ്ടെന്നും അതിലേക്ക് താൻ യോഗ്യനാണെങ്കിൽ പരിഗണിക്കാൻ ശുപാർശ ചെയ്യണമെന്നും അഭ്യർത്ഥിച്ചു. അതുപ്രകാരം അദ്ദേഹത്തിന്റെ രാഷ്ടീയമോ പാർട്ടിയോ നോക്കാതെ, ബയോഡാറ്റ കോൺസുലേറ്റിലേക്ക് അയച്ചു കൊടുക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. ചമൽക്കാരങ്ങളില്ലാത്ത ഒരു കുടുംബ പശ്ചാതലത്തിൽ നിന്ന് വരുന്ന ഒരു പാവപ്പെട്ട മിടുക്കനോട് ഒരു ഭരണകർത്താവ് ചെയ്യേണ്ടതെന്തോ അതു ചെയ്തു എന്നു ചുരുക്കം. നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുയോജ്യനെങ്കിൽ അയാളെ തെരഞ്ഞെടുക്കേണ്ടത് കോൺസുലേറ്റാണ്. അവിഹിതമായ ഇടപെടലൊന്നും അതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. ഇതിനെയാണ് വക്രീകരിച്ച് ചില കേന്ദ്രങ്ങൾ ദുഷ്പ്രചാരണത്തിന് ഉപയോഗിച്ചത്.

advertisement

മിനിസ്റ്റർ ഇൻ വെയ്റ്റിംഗ് എന്ന നിലയിൽ, ഹിസ് ഹൈനസ് ഷാർജ സുൽത്താന്റെ സന്ദർശനസമയം മുതൽക്ക്, UAE കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും അന്വേഷണ ഏജൻസികൾക്കു മുമ്പിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഒന്നും മറച്ചു വച്ചിട്ടില്ല. റംസാൻ കിറ്റുവിതരണ ഉൽഘാടനത്തിന് കോൺസൽ ജനറലിന്റെ ക്ഷണപ്രകാരം കോൺസുലേറ്റിൽ പോയതും, UAE നാഷണൽ ഡേ പ്രോഗ്രാമിൽ ലീല ഹോട്ടലിൽ പങ്കെടുത്തതും റംസാൻ കാലത്ത് ഇഫ്താർ വിരുന്നിൽ സംബന്ധിച്ചതുമെല്ലാം ഇതിലുൾപ്പെടും.

റംസാൻ കിറ്റുകളും വിശുദ്ധ ഖുർആൻ കോപ്പികളും വിതരണം ചെയ്യാൻ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോൺസൽ ജനറലിൻ്റെ അഭ്യർത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. വസ്തുതകൾ ഇതായിരിക്കെ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ രാഷ്ട്രീയ ശത്രുക്കൾ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു."

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു സാധാരണ മൊല്ലാക്കയുടെ മകൻ, ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണ്': സ്വപ്നയുടെ മൊഴിയിൽ വിശദീകരണവുമായി മന്ത്രി കെ.ടി ജലീൽ
Open in App
Home
Video
Impact Shorts
Web Stories