നുണക്കഥകൾ കുത്തിനിറച്ചിറക്കി തനി വർഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് നിർമിച്ചതെന്നും അദ്ദേഹം കുറിച്ചു. ആ സിനിമയുടെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നല്‍കിയത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും റിയാസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി പ്രതികരിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ ‘കൂലി'... കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയിൽ വർഗ്ഗീയ വിദ്വേഷം പടർത്തിക്കൊണ്ട് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും പടച്ചുവിട്ട “ദി കേരള സ്റ്റോറി” എന്ന പ്രൊപഗണ്ട സിനിമ ചെയ്തതിന് അതിൻ്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകിയത് രാജ്യത്തെ മതനിരപേക്ഷമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. നുണക്കഥകൾ കുത്തിനിറച്ചിറക്കി തനി വർഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് നിർമിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്.
advertisement
പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം നടത്താൻ മാത്രമായി പുറത്തിറങ്ങിയ സിനിമക്ക് അവാർഡ് നൽകുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സർക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നത്.