വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർത്ഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.