പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ സർജിക്കൽ സാമഗ്രി വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. സംഭവത്തിൽ എഴുകോൺ ഇ എസ് ഐ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടാൻ മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജിത് കുമാറിന് നിർദ്ദേശം നൽകി.
ഇഎസ്ഐ കോർപ്പറേഷൻ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കോർപ്പറേഷന് കീഴിൽ വരുന്ന ആശുപത്രിയാണ് എഴുകോണിലേത്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ പരിമിതികൾ ഉണ്ട്. എന്നാൽ സംസ്ഥാനത്തെ ഇ എസ് ഐയുടെ ചുമതലയുള്ള തൊഴിൽ മന്ത്രി എന്ന നിലയിലാണ് ഇപ്പോഴത്തെ ഇടപെടൽ. സംഭവം ദൗർഭാഗ്യകരമാണെന്നും ബന്ധപ്പെട്ട കേന്ദ്രസർക്കാർ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
advertisement
ആശുപത്രിയിലെ കരാർ നഴ്സായ കൊല്ലം ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ (31) ശസ്ത്രക്രിയയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. യുവതിക്കു വേദന കടുത്തതിനാൽ പരിശോധന നടത്തുകയും കട്ടപിടിച്ച രക്തം നീക്കാനെന്ന പേരിൽ വീണ്ടും ശസ്ത്രക്രിയ നടത്തി വസ്തു നീക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിഞ്ചുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ശസ്ത്രക്രിയയിലൂടെ ചിഞ്ചു പെൺകുഞ്ഞിനു ജന്മം നൽകി.
എന്നാൽ പിന്നീട് കടുത്ത വേദനയുണ്ടായതോടെ എക്സ്റേ എടുത്തു. ബന്ധുക്കൾ വേദനയുടെ കാരണം ചോദിച്ചെങ്കിലും ഡോക്ടർ എക്സ്‌റേ വിവരങ്ങൾ പങ്കുവച്ചില്ല. തിങ്കളാഴ്ച ഡോക്ടർമാർ ചിഞ്ചുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ സെന്ററിലെത്തിച്ചു സിടി സ്കാൻ എടുത്തു. ഇതിനുശേഷമാണ് യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ഉള്ളിൽ രക്തം കട്ടപിടിച്ചതു നീക്കാനാണിതെന്ന് അധികൃതർ പറഞ്ഞതിൽ സംശയം തോന്നിയ വിപിൻ സ്കാൻ സെന്ററിനോട് ഫലം ആവശ്യപ്പെട്ടെങ്കിലും അതു ഡോക്ടർക്കു കൊടുത്തെന്ന് പറഞ്ഞ് അവർ കയ്യൊഴിയുകയായിരുന്നു.
ഇന്നലെ ചിഞ്ചുവിനെ പരിശോധിച്ച മറ്റൊരു ഡോക്ടർ ന്യുമോണിയയുടെ തുടക്കം, വയറ്റിൽ അണുബാധ എന്നിവ ഉണ്ടെന്നു പറയുകയും ചെയ്തു.തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും എക്സ്റേയും മറ്റു ചികിത്സാരേഖകളും സമയത്തു കൈമാറിയില്ലെന്നും ആരോപണമുണ്ട്. ഒടുവിൽ വിപിന്റെ പരാതിയിൽ എഴുകോൺ പൊലീസ് ആശുപത്രിയിൽ എത്തിയതോടെയാണ് രേഖകൾ ലഭിച്ചത്.
എക്സ്റേയിൽ നൂലു പോലുള്ള വസ്തു ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു ബന്ധുക്കൾ കണ്ടു. രക്തം തുടയ്ക്കാനുള്ള സർജിക്കൽ മോപ്പാണിതെന്ന് സംശയമുണ്ട്. യുവതിയെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.