കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽസജ്ജരാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
advertisement
ആഗോള തൊഴിൽരംഗത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത്. ഓരോ തൊഴിൽ മേഖലയ്ക്കും ആവശ്യമായ വിധത്തിൽ യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുന്നതിനും പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അധ്യാപകരുടെ തസ്തിക നിർണയ നടപടി അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022–-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തിക നിർണയം പൂർത്തിയായി. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെടുക്കുന്ന കുട്ടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തിക നിർണയം. അത് പൂർത്തിയാക്കിയാലുടൻ പൊതുവിദ്യാഭ്യാസ വകുപ്പ് പിഎസ്-സിക്ക് റിപ്പോർട്ട് നൽകും.
ഈ അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി 38,32,395 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസിൽ 3,03,168 കുട്ടികൾ പ്രവേശനം നേടി. പൊതുവിദ്യാലയങ്ങളിൽ രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ 1,19,970 കുട്ടികൾ പുതുതായി ചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ്.