മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് പാർട്ടിക്കും തനിക്കും എതിരെ വരുന്ന പ്രചരണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. സഭകളുടെ പേരിൽ നടക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമല സന്ദർശനത്തിലായിരുന്നതിനാലാണ് വാർത്തകളോട് ഉടൻ പ്രതികരിക്കാൻ കഴിയാതിരുന്നത്. തന്റെ പ്രതികരണം വൈകിയതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സഭകളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
കേരളാ കോൺഗ്രസിന്റെ രാഷ്‌ടീയ നിലപാട് സംബന്ധിച്ച്
സഭകളുടെ സമ്മർദ്ദമുണ്ട് എന്ന് ഞാൻ പറഞ്ഞു എന്ന തരത്തിൽ വന്ന വാർത്തകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇത്തരത്തിലുള്ള ഒരു പരാമർശവും എന്റെ അറിവിൽ പെടാത്തതും ഞാൻ നടത്തിയിട്ടില്ലാത്തതുമാണ് എന്ന് വ്യക്തമാക്കട്ടെ..
കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആദരണീയനായ പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി സാർ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ച് ഇത്തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ ദുഷ്ടലാക്കോട് കൂടിയുള്ളതാണ്.
സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് ഞാൻ.
മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ട് ശബരിമലയിൽ ആയിരുന്നതിനാൽ വളരെ വൈകിയാണ് ഈ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടത്. അതിനാലാണ് വിശദീകരണ കുറിപ്പ് വൈകിയത്.
കുറിപ്പ് വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നു..
