സർക്കാർ നൽകിയ ആനുകൂല്യങ്ങൾ ജനങ്ങൾ കൈപ്പറ്റിയ ശേഷം മുന്നണിക്ക് 'പണി തന്നു' എന്നാണ് എം.എം. മണി ആരോപിച്ചത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.
വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു എന്ന് എം.എം മണി പറഞ്ഞു. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാങ്ങിയിട്ടും ആളുകൾ എൽഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു.
advertisement
"പെൻഷൻ എല്ലാം കൃത്യതയോട് കൂടി നൽകി. അതെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന് എല്ലാവരും വോട്ട് ചെയ്തു. പെൻഷൻ വാങ്ങിക്കുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തു. ജനങ്ങൾ നന്ദികേട് കാണിച്ചു," എന്നും അദ്ദേഹം ആരോപിച്ചു.
തോൽവിയുടെ കാരണം എൽഡിഎഫ് പരിശോധിക്കുമെന്നും, ആവശ്യമായ തിരുത്തൽ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും മണി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെ 'ഭരണ വിരുദ്ധ വികാരം' എന്ന് പറയാറായിട്ടില്ലെന്നും, അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ച ശേഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
