സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. 60 മീറ്റർ അകലം പാലിക്കണമെന്നാണ് നിർദേശം. പരിശോധനകൾ നടത്തിയ ശേഷമാകും കണ്ടെയ്നർ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുൻപ് കണ്ടെയ്നർ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംവിധാനങ്ങൾ സ്ഥലത്തേക്ക് എത്തിക്കും. എന്നാൽ കണ്ടെയ്നർ എവിടേക്കാണ് മാറ്റുക എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
ഇതും വായിക്കുക: കൊച്ചി പുറങ്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു; കരയിലും ജാഗ്രതാ നിർദേശം
advertisement
13 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡ് ഉൾപ്പടെ അപകടകരമായ ചരക്കുകളാണെന്ന് വിവരം പുറത്തുവന്നിരുന്നു. എംഎസ്‌സി എൽസ 3യിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്. ഇതിൽ 73 എണ്ണം കാലിയായിരുന്നുവെന്നാണ് വിവരം. കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് അസറ്റിലീൻ വാതകം പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ് നിർദേശങ്ങളിൽ പറയുന്നു.
അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പൽ ഞായറാഴ്ച രാവിലെ 7.50നാണ് മുഴുവനായി മുങ്ങിയത്.
ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്.
24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും മോശം കാലാവസ്ഥയും സാങ്കേതികത്തകരാറുകളുമാകാം കപ്പൽ മുങ്ങാൻ കാരണമെന്നാണു ജീവനക്കാരുടെ വെളിപ്പെടുത്തൽ.