2018 നവംബര്‍ എട്ടിന് പുറത്തിറക്കിയ ആദ്യത്തെ വിജ്ഞാപനത്തില്‍ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നൽകിയത്. ഇതിനെതിരെ നവംബര്‍ 21 ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കികൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ളതിനാല്‍ സംസ്ഥാനത്തിനെ പ്രത്യേകമായി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് 2018 ഡിസംബര്‍ നാലിന് കേരളം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നിര്‍വഹിക്കാനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക. അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം ഈ കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്.
advertisement
2003 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പനുസരിച്ച് സംസ്ഥാന സര്‍ക്കാരിനെക്കൂടി ഉള്‍പ്പെടുത്തി മാത്രമേ തീരുമാനങ്ങളെടുക്കാവൂയെന്ന് കേരളം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം പ്രത്യേക കേസായി പരിഗണിക്കാന്‍ എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് തീരുമാനിച്ചു. ഇതനുസരിച്ച് കേരളത്തിലെ ചീഫ് സെക്രട്ടറിയെയും മറ്റ് ഉദ്യോഗസ്ഥന്മാരെയും പ്രത്യേക ക്ഷണിതാക്കളായി വിളിച്ചുകൊണ്ട് അവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്ന പ്രക്രിയയില്‍ പങ്കാളികളാക്കാമെന്ന് എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് സംസ്ഥാനത്തിന് ഒരു നിര്‍ദേശം വെച്ചു.
റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന സംസ്ഥാനത്തിന്റെ ആവശ്യം തത്വത്തില്‍ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. 26 ശതമാനമെങ്കിലും കേരളസര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനി രൂപവത്ക്കരിക്കുകയും ഏറ്റവും കൂടുതല്‍ തുക ക്വോട്ട് ചെയ്യുന്ന കമ്പനിയുടെ 10 ശതമാനത്തിന് മുകളിലോ താഴെയോ കേരളസര്‍ക്കാരിന്റെ കമ്പനി ബിഡ്ഡ് ചെയ്യുകയും ചെയ്താൽ കൂടിയാലോചനകളിലും വിലപേശലിനുമുള്ള അവകാശം നല്‍കാമെന്ന രണ്ടാമത്തെ നിര്‍ദേശവും വെച്ചു. തുടര്‍ന്ന് 2018 ഡിസംബര്‍ 18ന് രണ്ടാമത്തെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. അതായത് കേരള സര്‍ക്കാര്‍ അംഗീകരിച്ച നടപടിക്രമങ്ങളിലൂടെയാണ് തുടര്‍ന്നുള്ള നടപടികള്‍ മുന്നോട്ടുപോയതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാരിന് വേണ്ടി കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ലേല നടപടികളില്‍ പങ്കെടുത്തിരുന്നു. ഒരു യാത്രക്കാരന് 135 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് കേരളം മുന്നോട്ടുവെച്ചത്. എന്നാല്‍ അദാനി 168 രൂപയാണ് വാഗ്ദാനം ചെയ്തതത്. കെ.എസ്.ഐ.ഡി.സി ക്വോട്ട് ചെയ്ത തുക ഏറ്റവും കൂടുതല്‍ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനേക്കാള്‍ 19.64 ശതമാനം കുറവായതിനാല്‍ മുമ്പ് കേരളം അംഗീകരിച്ച നിര്‍ദേശപ്രകാരം ഏറ്റവും കൂടുതല്‍ തുക ക്വോട്ട് ചെയ്ത അദാനിക്ക് നടത്തിപ്പ് ചുമതല കൊടുക്കാന്‍ തീരുമാനിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ സമീപിക്കുകയും കോടതി അത് തള്ളിക്കളയുകയും ചെയ്തു. തുടര്‍ന്ന് സുപ്രീം കോടതിയേയും സമീപിച്ചു. കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് സുപ്രീംകോടതി തിരിച്ചയച്ചു. അതിനാല്‍ തന്നെ ഹൈക്കോടതി വിധിക്ക് വിധേയമാണ് ഇപ്പോഴുള്ള തീരുമാനം.
നടത്തിപ്പും വികസനവുമാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുള്ളത്. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളുടെ ഉടമസ്ഥത തന്നെ സ്വകാര്യ മേഖലയിലാണ്. കൊച്ചി വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന് 32 ശതമാനം മാത്രമാണ് പങ്കാളിത്തം. കണ്ണൂര്‍ വിമാനത്താവളത്തില്‍ 30 ശതമാനവും. ഭൂമിയുള്‍പ്പെടെ സകലതും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചിട്ടുള്ള ആളുകള്‍ ഇപ്പോള്‍ പൊതുമേഖലയുടെ വക്താക്കളായി രംഗത്ത് വരുമ്പോള്‍ അതിന് പിന്നില്‍ പൊതുമേഖലയോ സ്വകാര്യ മേഖലയോ അല്ല വിഷയം. സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ അതിനെ വലിയ വിവാദമാക്കി മാറ്റാനാണ് ഈ നീക്കങ്ങളുടെ പിന്നിലെ ലക്ഷ്യമെന്നും മുരളീധരൻ ആരോപിച്ചു.