ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഇടതു മുന്നണി. പരസ്പരം പോരടിച്ചു നിന്ന പാർട്ടികളാണ് മുന്നണിയായത്. രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമാണത്. എൽ ഡി എഫിന്റെ രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റുക സി പി ഐയുടെ രാഷ്ട്രീയ കടമയാണ്. അതിനാൽ മുന്നണിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത വേണം. എൽ ഡി എഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനമുണ്ടായപ്പോഴൊക്കെ സി പി ഐ തിരുത്തി. അതു തുടരുമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.
മുന്നണിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഘടകകക്ഷികൾ വീതം വച്ചെടുക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണി ആകുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും
advertisement
അത് കക്ഷികൾ വീതം വച്ചെടുക്കണം. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണ്. നേട്ടങ്ങൾ വരുമ്പോൾ കൈ നീട്ടി വാങ്ങുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നു പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം രാജേന്ദ്രൻ.
അതുകൊണ്ട് മുന്നണിക്കെതിരെ വരുന്ന നീക്കങ്ങൾ ഒരുമിച്ച് നേരിടണം. മുന്നണിയെ ശക്തിപ്പെടുത്താനും ഇടതുപക്ഷ നിലപാടുകളിൽ ഉറച്ചുനിർത്താനും സിപിഐ മുൻകൈയെടുത്തിട്ടുണ്ട്. സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാകും. എന്നാൽ യോജിപ്പിന്റെ കൂടുതൽ മേഖലകൾ കണ്ടെത്തണം മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും കാനം പറഞ്ഞു .