ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്നും സമര്‍പ്പിച്ച അപേക്ഷയില്‍ കേരളം ആവശ്യപ്പെടുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്.
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അതേ സമയം രാത്രി വന്‍ തോതില്‍ വെള്ളം തുറന്നു വിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയതറിഞ്ഞ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ (Roshy Augustine) പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ഇവിടെ വെച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധം ഉണ്ടായി.
advertisement
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ(Supreme Court) സമീപിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ ഷട്ടറുകള്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ്നാടിന് നല്‍കും. മേല്‍നോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയില്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.