ലീഗ് അനുഭാവികളിൽ ചിലർ പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലും ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിൽ നിന്ന് കോളജിനായി പാട്ടത്തിന് നൽകിയ ഭൂമി വഖഫ് സ്വത്തല്ല, നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലത്തിന്റേതാണ് എന്നായിരുന്നു മാനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചില പിഴവുകൾ സംഭവിച്ചു എന്നാണ് കണ്ണൂരിലെ ലീഗിന്റെ ജില്ലാ നേതാക്കൾ ഇപ്പോൾ പറയുന്നത്. കോളേജ് ഭൂമിയുടെ തണ്ടപ്പേർ മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്ക് സംഭവിച്ച സാങ്കേതിക പിഴവാണ് വിവാദത്തിനാധാരം എന്നാണ് നേതാക്കളുടെ അവകാശവാദം. പിഴവ് തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
advertisement
Also Read- തളിപ്പറമ്പ് സർ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റേത് വിചിത്രമായ നിലപാട്: മുഖ്യമന്ത്രി
ഇത്തരത്തിൽ രേഖകൾ കോടതിയിൽ സമർപ്പിക്കുന്നത് വഖഫ് സ്വത്ത് പിടിച്ചെടുക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് ആരോപിച്ച് വഖഫ് സംരക്ഷണ സമിതി രംഗത്തെത്തിയതും അസോസിയേഷനെ വെട്ടിലാക്കി. കോളേജ് കമ്മിറ്റിയുടെ നിലപാടിനെതിരെ വഖഫ് സംരക്ഷണ സമിതി മാർച്ചും സംഘടിപ്പിച്ചു.
സര്‍ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന വഖഫ് ഭൂമി കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ അസോസിയേഷന്റെ (സിഡിഎംഇ) മറവില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കിയാണ് സിപിഎം രംഗത്തെത്തിയത്. വഖഫ് സംരക്ഷണ സമിതിയെ മുന്‍നിര്‍ത്തി സിപിഎമ്മാണ് പ്രതിഷേധ പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത്. ഭൂമി പ്രശ്നത്തിലൂടെ ലീഗിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ ലീഗിനെ കടന്നാക്രമിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് ലീഗ് നേതാക്കൾ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നും ഒരു മത ട്രസ്റ്റ് കൈകാര്യം ചെയ്യുന്നതിന്റെ മറവിൽ വാണിജ്യ സംരംഭങ്ങൾ നടത്തുന്നുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് എം വി ജയരാജൻ ഉയർത്തിയത്.