'മുനമ്പത്ത് ബിജെപി കുളംകലക്കി മീൻ പിടിക്കുന്നു; മുസ്ലിംലീഗിന് ഇരട്ടത്താപ്പ്': മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
'തളിപ്പറമ്പ് സർ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന്റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യപൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നു'
തിരുവനന്തപുരം: മുനമ്പത്ത് കുളംകലക്കി മീൻപിടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും ഇവരിൽ മുന്നിൽ നിൽക്കുന്നത് ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ മുസ്ലിംലീഗിന് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, തളിപ്പറമ്പ് സർ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന്റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യപൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞത്
മുനമ്പത്ത് താമസിക്കുന്നവർക്ക് ഇറങ്ങി പോകേണ്ടി വരുന്ന വിഷയം വല്ലാത്ത പ്രയാസം ഉണ്ടാക്കുന്നതാണ്. അത് ഒഴിവാക്കി കിട്ടണമെന്നുള്ളതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ദീർഘകാലമായി തമസിക്കുന്നവർ എന്ന നിലയ്ക്ക് അവരുടെ അവകാശം എങ്ങനെ സംരക്ഷിക്കാനാവും എന്നതിനാണ് സംസ്ഥാന സർക്കാർ പ്രാമുഖ്യം കൊടുത്തത്. അതിന്റെ ഭാഗമായി പഠിച്ച് റിപ്പോർട്ട് നൽകാൻ സിഎൻആർ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന അഭ്യർത്ഥന നടത്തിയെങ്കിലും അവർ സ്വീകരിച്ചില്ല. അവർക്ക് എന്തൊ മറ്റ് ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു. അത് ചിലർ പോയി പറഞ്ഞപ്പോൾ ഉണ്ടായതാണ്.
advertisement
വഖഫ് വിഷയത്തിലും മുനമ്പത്തെ പ്രശ്നങ്ങളുടെ പേരിലും കുളം കലക്കി മീൻ പിടിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കേന്ദ്ര ഭരണകക്ഷിയായ ബിജെപി തന്നെയാണ്. അത് സംഘപരിവാറിന്റ് അജണ്ടയാണ്. വഖഫ് നിയമഭേദഗതി ബിൽ മുനമ്പം വിഷയത്തിൻറെ ശാശ്വത പരിഹാരമാണെന്ന ബിജെപിയുടെ പ്രചാരണം തനിത്തട്ടിപ്പാണ്.
പുതിയ നിയമം ഭരണഘടനയുടെ 26 -ാം അനുച്ഛേദത്തിൻറെ ലംഘനമാണ്. മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിൻറെയും ഫെഡറലിസത്തിൻറെയുമെല്ലാം ലംഘനമാണ്. മുസ്ലിം അപരവൽക്കരണത്തിനും അതുവഴി രാഷ്ട്രീയ നേട്ടത്തിനുമുള്ള അവസരമായാണ് സംഘപരിവാർ ഈ ബില്ലിനെ കണ്ടത്. വെറുപ്പിൻറെയും വിഭജനത്തിൻറെയും രാഷ്ട്രീയമാണ് ബില്ലിൻറെ ഉള്ളടക്കം. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വർഗ്ഗീയതയെ സംതൃപ്തിപ്പെടുത്തുന്നതുമായ ബില്ലാണ്അത്. ഇത് തിരിച്ചറിഞ്ഞാണ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ബില്ലിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ലോകസഭയിലും രാജ്യസഭയിലും ശക്തിയുക്തമായാണ് ഇടതുപക്ഷം ബില്ലിനെ എതിർത്തത്.
advertisement
ഭരണഘടനാ വിരുദ്ധമായ ബിൽ പാർലമെന്റ് പാസാക്കിയ ശേഷം മുനമ്പത്തെ വിഷയത്തിനുള്ള ഒറ്റമൂലിയാണിതെന്ന ഒരു ആഖ്യാനം സംഘപരിവാർ വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു. വഖഫ് നിയമ ഭേദഗതി നിയമം വന്നതുകൊണ്ട് മുനമ്പത്ത് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നില്ല. നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും പാസായ ബില്ലിലെ ഏത് ക്ലോസാണ് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുമില്ല എന്നും കഴിഞ്ഞ പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നത് ഇന്നും ആവർത്തിക്കുകയാണ്.
advertisement
ഏറ്റവുമൊടുവിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ മുനമ്പത്തെത്തിച്ചാണ് കേരളത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടത്തിയത്. ഇന്നലെ കൊച്ചിയിൽ വെച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ വായിൽ നിന്നും സത്യം പുറത്തു വീണുപോയിട്ടുണ്ട്. വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ലെന്നാണ് കേന്ദ്ര മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നത്. അതോടെ ബിജെപി ഇവിടെ കെട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു പോയി. പ്രശ്നപരിഹാരത്തിന് സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേന്ദ്രമന്ത്രിയുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി എന്നാണ് മുനമ്പം സമരസമിതി കൺവീനർക്ക് പ്രതികരിക്കേണ്ടി വന്നത്.
advertisement
മുനമ്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങൾ ന്യായമാണ്. അതിന്റെ പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. ആ ജനതയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളും.
ഭരണഘടനാ വിരുദ്ധമായ വഖഫ് ബിൽ പാർലമെൻറിൽ പാസ്സാക്കിയ സവിശേഷ സാഹചര്യത്തെ മുൻനിർത്തി ദുഷ്ടലാക്കോടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ദൗർഭാഗ്യവശാൽ അതിന് പിന്തുണ നൽകുകയാണ്. ഇവിടത്തെ പ്രതിപക്ഷനേതാവിന്റെ വാക്കുകളിൽ ആ പിന്തുണയാണ് തെളിയുന്നത്.
advertisement
മുസ്ലിംലീഗിനെതിരെ മുഖ്യമന്ത്രി
കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഈ വിഷയത്തിൽ എടുക്കുന്ന ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന്റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യപൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നു.
സർ സയ്യിദ് കോളേജ് മാനേജ്മെൻറ് ഭരിക്കുന്നത് മുസ്ലിം ലീഗ് നേതൃത്വം ആണ്. തളിപ്പറമ്പ് നഗരസഭാ മുൻ ചെയർമാനും, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരിൽ ഒരാളുമായ മഹമൂദ് അള്ളാംകുളം അടക്കമുള്ള നേതാക്കൾ ആണ് ആ മനേജ്മെന്‌റിൽ ഉള്ളത്. വടക്കൻ മലബാർ മേഖലയിലെ സാമൂഹികവും രാഷ്ട്രീയവുമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് വേണ്ടി 1967ൽ ആണ് ഈ കോളേജ് ആരംഭിക്കുന്നത്.
advertisement
കോളേജ് തുടങ്ങാൻ ഭൂമി ഇല്ലാതിരുന്ന പശ്ചാത്തലത്തിൽ പിൽകാലത്ത് സുപ്രീം കോടതി ജസ്റ്റിസ് ആയി മാറിയ ജസ്റ്റിസ് ഖാലിദ്, (അദ്ദേഹം അന്ന് സി.ഡി.എം.ഇ.എ സ്ഥാപക പ്രസിഡണ്ട് ആയിരുന്നു) തളിപ്പറമ്പ് ജുമാമസ്ജിദ് മുതവല്ലി കെ.വി.സൈനുദ്ധീൻ ഹാജിക്ക് ഒരു അപേക്ഷ നൽകി.
തളിപ്പറമ്പ ജുമാമസ്ജിദിൻറെ ഉടമസ്ഥതയിൽ ഉള്ള 25 ഏക്കർ ഭൂമി കോളേജ് തുടങ്ങാൻ വിട്ടു നൽകണം എന്നതായിരുന്നു ആവശ്യം.
ഈ ആവശ്യം അംഗീകരിച്ച് തളിപ്പറമ്പ ജുമാമസ്ജിദ് മുതവല്ലി കെ.വി.സൈനുദ്ധീൻ ഹാജി 23/7 /1966 ൽ പ്രസ്തുത ഭൂമി സി .ഡി.എം.ഇ.എ മാനേജ്മെൻറിന് പാട്ടത്തിന് നൽകണം എന്ന് വഖഫ് ബോർഡിന് അപേക്ഷ സമർപ്പിച്ചു. നിബന്ധനകൾ മുൻ നിർത്തി മാനേജ്മെൻറിന് ഭൂമി നൽകാൻ 17/9/1966ന് വഖഫ് ബോർഡ് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
ഉത്തരവ് അനുസരിച്ച് 204/1967 dt 22 /2/1967 പ്രകാരം ജില്ലാ രജിസ്ട്രാർ പി.രാധാകൃഷ്ണൻ മേനോൻ മുമ്പാകെ 44.5 രൂപ ഫീസടച്ച് തളിപ്പറമ്പ ജുമാമസ്ജിദ് മുതവല്ലി കെ.വി.സൈനുദ്ധീൻ ഹാജി, ഒന്നാം നമ്പർകാരനും സി.ഡി.എം.ഇ.എ സ്ഥാപക പ്രസിഡണ്ട് അഡ്വക്കറ്റ് വി.ഖാലിദ് രണ്ടാം നമ്പറുകാരനുമായി എഴുതിയ ലീസ് ആധാരപ്രകാരം സർസയ്യിദ് കോളേജ് നിർമ്മിക്കുകയും 54 വർഷം വാടക നൽകുകയും ചെയ്തിരുന്നു.
ഏക്കറിന് ഒരു വർഷം 5 രൂപ തോതിൽ 125 രൂപ വാടക നിശ്ചയിക്കുകയും മൂവായിരം രൂപ മാനുഷം കൈപ്പറ്റുകയും ചെയ്തു. പിന്നീട് 18/1/2007 മുതൽ 3000 രൂപയും 31/10/2016 മുതൽ 3 ലക്ഷം രൂപയും ആക്കി വർദ്ധിപ്പിക്കുകയും 2021 വരെ കൊടുക്കുകയും ചെയ്തിട്ടുണ്ട്.
1967 കാലത്ത് മലബാറിൽ ജീവിച്ച പ്രഗത്ഭനായ നിയമവിദഗ്ധൻ പിന്നീട് ഹൈക്കോടതിയിൽ ജസ്റ്റീസായി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് വി ഖാലിദിനെ പോലുള്ള നിയമ വിദഗ്ധരും സി.കെ. പി. ചെറിയ മമ്മുക്കേയി, പിലാക്കണ്ടി ഹുസൈൻ സാഹിബ് തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, വിദ്യഭ്യാസ പ്രവർത്തകരും ചേർന്ന് നടത്തിയ ലീസ് ആധാരം നിലവിലെ ലീഗ് നേതാക്കൾ ആയ സി.ഡി.എം. ഇ.എ ഇപ്പോഴത്തെ ഭാരവാഹികൾ തള്ളിപ്പറയുകയാണ്.
ഹൈക്കോടതിയിൽ നൽകിയ 12095/2025 WP [C] നമ്പർ റിട്ട് ഹർജിയിൽ ലീഗ് നേതൃത്വം നൽകിയിരിക്കുന്ന സത്യവാങ്ങ്മൂലം പ്രകാരം, സർ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന വസ്തു തളിപ്പറമ്പ് ജുമാ മസ്ജിദിന്റെതല്ലെന്നും, അത് നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണ് എന്നുമുള്ള വിചിത്രമായ കണ്ടെത്തൽ ആണ് ഉന്നയിച്ചിരിക്കുന്നത്.
പള്ളിയുടെ ഉടമസ്ഥതയിൽ വർഷങ്ങൾ ആയി ഉള്ള ഭൂമി വഫഖ് പ്രോപ്പർട്ടി അല്ലെന്ന് നിലപാട് എടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് എന്ന് അവർ തന്നെ വ്യക്തമാക്കേണ്ടതാണ്.
വഖഫ് ഭൂമികൾ കൈവശപ്പെടുത്താൻ കേന്ദ്ര ഗവൺമെന്റ് പുതിയ നിയമം കൊണ്ടു വന്ന കാലത്ത് ലീഗിന്റെ നേതൃത്വം എടുത്ത ഈ തീരുമാനത്തിൽ അവിടെ വലിയ ജനവികാരം നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ട് വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ലീഗിന് പരസ്പരം വിരുദ്ധമായ നിലപാടുണ്ടാകുന്നത്. ബിജെപിയുടെ വഞ്ചനാപരവും വർഗീയ ലക്ഷ്യത്തോടെയുമുള്ള നിലപാടുകളെ തുറന്നുകാട്ടുകയും ശക്തമായി എതിർക്കുകയും ചെയ്യുമ്പോൾ തന്നെ ഇത്തരം ഇരട്ടത്താപ്പു നയം ബന്ധപ്പെട്ടവർ ഉപേക്ഷിക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 16, 2025 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുനമ്പത്ത് ബിജെപി കുളംകലക്കി മീൻ പിടിക്കുന്നു; മുസ്ലിംലീഗിന് ഇരട്ടത്താപ്പ്': മുഖ്യമന്ത്രി