സിപിഎമ്മിനൊപ്പം സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ചുകഴിഞ്ഞു. ലീഗ് അണികളിലെയും നേതാക്കളിലെയും വലിയൊരു ഭാഗം സമസ്തയുടെ അനുയായികളാണ്.
സെമിനാറിലേക്ക് ലീഗിനെയും സമസ്തയെയും സിപിഎം ക്ഷണിച്ചത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകൾക്കാണ് തുടക്കമിട്ടത്. ലീഗ് പങ്കെടുത്താൽ അതു യുഡിഎഫിനെയും സമസ്തയുടെ പങ്കാളിത്തം ലീഗിനെയും രാഷ്ട്രീയമായി ബാധിക്കും. ലീഗ് മുന്നണി മാറ്റത്തിന് തയാറെടുക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾ നിലനിൽക്കുന്നതിനിടെയാണു സിപിഎമ്മിന്റെ ക്ഷണം.
advertisement
മുസ്ലിം ലീഗുമായി തൊട്ടുകൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ വീണ്ടും ആവർത്തിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കാനാണ് ലീഗ് തീരുമാനിക്കുന്നതെങ്കിൽ മുന്നണിമാറ്റ അഭ്യൂഹങ്ങൾക്ക് ചൂടേറും.
മുന്നണിമാറ്റം ആഗ്രഹിക്കുന്ന ലീഗിലെ ഒരു വിഭാഗം സെമിനാറിൽ പങ്കെടുക്കണമെന്നു താൽപര്യപ്പെടുന്നുണ്ട്. പൊതുതാൽപര്യ പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നു കഴിഞ്ഞ ദിവസം ലീഗിന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ കോ–ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
സിപിഎമ്മുമായി സഹകരിക്കുന്നതിനെ ലീഗിലെ ഒരുവിഭാഗം നേതാക്കൾ ശക്തമായി എതിർക്കുന്നുണ്ട്. ഏകസിവിൽ കോഡിന്റെ പേരിൽ സിപിഎം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിൽ വീഴരുതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തീരുമാനമെടുക്കുന്നതിന് മുൻപേ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത പ്രഖ്യാപിച്ചതും ലീഗിനെ വെട്ടിലാക്കി. ലീഗിന്റെ അടിത്തറയാണ് സമസ്തയുടെ അണികളായ ഇ കെ വിഭാഗം. സിപിഎം ബന്ധത്തിന്റെ പേരിൽ സമസ്ത നേതൃത്വവും ലീഗും തമ്മിൽ തർക്കങ്ങളുണ്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷനു വിട്ട സംഭവത്തിൽ ലീഗിനെ തള്ളി സമസ്ത നേരിട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ, മുസ്ലിം സമുദായത്തോടുള്ള താൽപര്യമല്ല, ന്യൂനപക്ഷ വോട്ടിലുള്ള കണ്ണാണ് സിപിഎം സെമിനാറിന്റെ ലക്ഷ്യമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം മുൻനിലപാടിനെ കുറിച്ച് ലീഗിന് നല്ല വ്യക്തതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
38 വർഷം മുൻപ് സഭയിൽ
ഏക സിവില്‍ കോഡിനായി സിപിഎം കേരള നിയമസഭയിൽ പോരാട്ടം നടത്തിയതിന്റെ 38ാം വാർഷിക ദിനത്തിലാണ് കേരളം നിർണായക തീരുമാനത്തിനായി കാത്തിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 1985 ജൂലൈ 9നാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സിപിഎം നേതാക്കളുടെ സഭയിലെ ചോദ്യം. അന്ന് മുഖ്യമന്ത്രിയായ കെ കരുണാകരൻ സഭയിൽ ഇല്ലാതിരുന്നതിനാൽ മന്ത്രിയായിരുന്ന എം പി ഗംഗാധരനായിരുന്നു മറുപടി നൽകിയത്. ഏക സിവിൽ കോഡ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിന്നീട് ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് സഭ വേദിയായി.