സിപിഐയുടെ വിമർശനം മുഖവിലയ്ക്കെടുക്കും. വിവിധ പദ്ധതികളിൽ 8000 കോടി കേന്ദ്രം കേരളത്തിന് കിട്ടാനുണ്ട്. ഇത് സർക്കാരിന് കിട്ടേണ്ട പണമാണ്. നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും പണം സംസ്ഥാനത്ത് കിട്ടണം. സിപിഐയെ അപമാനിച്ചിട്ടില്ല. വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. ഒന്നും പ്രതികരിക്കാനില്ല എന്നാണ് ഉദ്ദേശിച്ചത്. എന്ത് സിപിഐ എന്ന് ചോദിച്ചത് മാധ്യമങ്ങളാണ് വലിയ പ്രശ്നമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതും വായിക്കുക: പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'
advertisement
പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. മന്ത്രിസഭയിലും എൽഡിഎഫിലും സിപിഐ ഉയർത്തിയ എതിർപ്പിനെ അവഗണിച്ചാണ് പിഎം ശ്രീയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയിലെ വിയോജിപ്പ് സിപിഎമ്മിനെ അറിയിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചതിന് പിന്നാലെയാണ് കരാറിൽ ഒപ്പിട്ട വാർത്ത പുറത്തുവന്നത്.
സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്റെ ഡയറക്ടർ ഡോ. എ ആർ സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്. ഇതിനിടെ, പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്തുവന്നു.
