''കെ വി തോമസിന് സെമിനാറിന്റെ വിശദാംശങ്ങൾ അയച്ചുകൊടുത്തു. അദ്ദേഹം പങ്കെടുക്കുമെന്നു തന്നെയാണ് വിശ്വാസം. കെ പി സി സി പ്രസിഡന്റിന് അസഹിഷ്ണുതയാണ്. മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ ഗൗരവമുള്ളതാണ്. ബിജെപിയുടെ എ ടീമായി തന്നെ സുധാകരൻ പ്രവർത്തിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ ഊരുവിലക്ക് സെമിനാറുകൾക്ക് ഗുണമായി. സെമിനാറുകൾ ജനനിബിഡമാകും.
സെമിനാറിൽ പങ്കെടുത്ത് കെ.വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായാൽ വഴിയാധാരമാകില്ല'' - എം വി ജയരാജൻ പറഞ്ഞു.
advertisement
അതേസമയം, സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.
എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ഡൽഹിയിൽ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്. കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, എഐസിസി വിലക്കു ലംഘിച്ച് കെ വി തോമസ് വന്നാൽ സംസ്ഥാനത്ത് അത് രാഷ്ടീയമായി ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസ് സ്വീകരിച്ചത്.
എന്നാൽ, സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
