‘പ്രണയമഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന രക്തരക്ഷസാണ് CPM’; കെ വി തോമസിന് ചെറിയാൻ ഫിലിപ്പിന്റെ ഉപദേശം
- Published by:Rajesh V
- news18-malayalam
Last Updated:
'ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.’
തിരുവനന്തപുരം: സിപിഎമ്മിന്റെ (CPM) പ്രണയത്തട്ടിപ്പിൽ കുടുങ്ങരുതെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസിന് ചെറിയാൻ ഫിലിപ്പിന്റെ 'ഉപദേശം'. ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സിപിഎം കെണിയിൽ വീഴരുതെന്ന് കെ വി തോമസിനെ, സിപിഎം ബാന്ധവം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പ് ഉപദേശിച്ചത്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നും ചെറിയാൻ ഫിലിപ്പ് മുന്നറിയിപ്പു നൽകി. അതേസമയം, സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ കൈക്കൊള്ളുമെന്നാണ് കെ വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
''സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ചശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.’' – ചെറിയാൻ ഫിലിപ്പ് കുറിച്ചു.
advertisement
അതേസമയം, കോണ്‍ഗ്രസ് ഹൈക്കമാൻഡ് എതിർപ്പറിയിച്ചിട്ടും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്കുള്ള ക്ഷണം കെ വി തോമസ് ഇതുവരെ നിരസിച്ചിട്ടില്ല. സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനം നാളെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നാളെ രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ വി തോമസിനോട് നിർദ്ദേശിച്ചിരുന്നു. നേതൃത്വത്തിന്റെ എതിര്‍പ്പ് കെപിസിസി പ്രസിഡന്‍റ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കെ വി തോമസിന്‍റെ തീരുമാനം നിര്‍ണായകമാണ്.
advertisement
കെ വി തോമസിനെ ക്ഷണിച്ചത് സിപിഎമ്മിലേയ്ക്കല്ലെന്നാണ് എം വി ജയരാജൻ ഇന്ന് പ്രതികരിച്ചത്. കോൺഗ്രസുകാരനായ കെ വി തോമസിനെയാണ് സിപിഎം സെമിനാറിന് ക്ഷണിച്ചത്. കോൺഗ്രസിന്റെ അഭിപ്രായം പറയാനാണ് ക്ഷണം. സെമിനാറിൽ പങ്കെടുക്കില്ലെന്ന് കെ വി തോമസ് അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് സെമിനാറിൽ വീണ്ടും പേരുവച്ചതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സിപിഎം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഉടന്‍ അറിയാമെന്നായിരുന്നു സിപിഎം പിബി അംഗം എം എ ബേബിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2022 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘പ്രണയമഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച് വലിച്ചെറിയുന്ന രക്തരക്ഷസാണ് CPM’; കെ വി തോമസിന് ചെറിയാൻ ഫിലിപ്പിന്റെ ഉപദേശം