ദേശീയ പതാക നിർമിക്കുമ്പോൾ ആവശ്യപ്പെടുന്ന നിബന്ധനകൾ പാലിക്കാതെ നിർമ്മിച്ച പതാകകളാണ് കുടുംബശ്രീ സ്കൂളുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 20, 25, 30, 40 എന്നിങ്ങനെയാണ് പതാകകളുടെ വില. ഇതിൽ 20, 25 രൂപയ്ക്ക് വിൽക്കുന്ന പതാകകൾ നിർമിച്ചിരിക്കുന്നത് പോളിസ്റ്റർ തുണി ഉപയോഗിച്ചാണ്. ഈ പതാകകളിൽ ഘടിപ്പിച്ചിരിക്കുന്നത് കൂൾഡ്രിങ്ക്സ് സ്ട്രോകളുമാണ്. ഇത്തരത്തിലുള്ള പതാകകളിലാണ് ഗുരുതരമായ പ്രശ്നങ്ങൾ കാണപ്പെട്ടത്. ഈ പതാകകൾക്ക് കൃത്യമായ അളവോ ദേശീയ പതാക നിർമ്മിക്കുമ്പോൾ നിഷ്കർഷിച്ചിരിക്കുന്ന യാതൊരുവിധ നിബന്ധനകളോ പാലിച്ചിട്ടില്ല. മാത്രമല്ല വിൽപനയ്ക്ക് എത്തിച്ച പല പതാകകളുടെയും അരികുകൾ കീറിപ്പറഞ്ഞ നിലയിലുമാണ്. പതാകകളുടെ നടുക്ക് വരേണ്ട അശോകചക്രം പലതിലും കാണാനുമില്ല. അശോകചക്രമുള്ള പതാകകളിൽ അത് മാഞ്ഞുപോയ നിലയിലുമാണ്.
advertisement
Also Read- Flag Code | ഇന്ത്യയിലെ പതാകനിയമം: ഭേദഗതികൾ വിവാദമാകുന്നത് എന്തുകൊണ്ട്?
ഇത്തരത്തിലുള്ള പതാകകൾ എങ്ങനെ കുട്ടികൾക്ക് നൽകുമെന്ന് അറിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സ്കൂൾ അധികൃതർ. പതാകകൾ മാറ്റി നൽകണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പതാകകൾ കുട്ടികളെ ഏൽപ്പിച്ചാൽ രക്ഷകർത്താക്കളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നുറപ്പാണെന്നും അധ്യാപകർ പറയുന്നു. ദേശീയ പതാക നിർമ്മിക്കുമ്പോഴും ഉയർത്തുമ്പോഴും ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡുകളുണ്ട്. ഈ പതാകയുടെ നിർമ്മാണത്തിൽ അത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് പതാക ഉയർത്തുമ്പോൾ പാലിക്കാൻ കഴിയുകയെന്നും അധ്യാപകർ ചോദിക്കുന്നു.
പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുന്ന പതാകകൾ വാങ്ങുവാൻ ചില അധ്യാപകർ ഇതിനിടയിൽ ശ്രമിച്ചിരുന്നു. എന്നാൽ ആ പതാകകൾ വിറ്റു പോയതിനാൽ അതിനു കഴിഞ്ഞില്ല.
തുണിക്ക് നിലവാരമില്ല
സ്കൂളുകളfൽ 30 രൂപ നിരക്കിൽ വിദ്യാർഥികൾക്ക് നൽകിയ പതാക വലുപ്പം കുറഞ്ഞവയും നിലവാരമില്ലാത്ത തുണിയിൽ തയാറാക്കിയതാണെന്നാണ് പ്രധാന പരാതി. എന്നാൽ ചില സ്ഥലങ്ങളിൽ വൈകിയാണ് പതാക എത്തിയത് എന്നതൊഴിച്ചാൽ പരാതികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കുടുംബശ്രീ അധികൃതർ പറയുന്നത്.
ഓർഡർ സ്വീകരിക്കുമ്പോൾ നൽകിയ അളവിലുള്ള പതാകകൾ അല്ല ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് പ്രധാന പരാതി. 20 രൂപ നിരക്കിലുള്ള പതാക ഉയർത്താനാകില്ല. റാലിയിൽ പിടിക്കാൻ മാത്രമേ കഴിയൂ. പൊതുവിപണിയിൽ അഞ്ചുരൂപ വിലയിലുള്ള കുഞ്ഞു പതാക 20 രൂപയ്ക്കാണ് നൽകിയത്.
പലയിടത്തും ലഭിച്ച പതാകയിൽ കുറേയെണ്ണം തലതിരിച്ചു നിർമിച്ചതുമായിരുന്നു. മുൻകൂറായി പണം ഈടാക്കിയതിനാൽ പല സ്കൂളുകൾക്കും തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. എങ്കിലും വാങ്ങാത്ത വിദ്യാലയങ്ങളുമുണ്ട്. പെരിങ്ങമ്മല പഞ്ചായത്ത് മുഴുവൻ പതാകയും തിരിച്ചുനൽകി പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ചു വിദ്യാലയങ്ങൾക്ക് 30 രൂപയുടെ പതാക നൽകി. അതാകട്ടെ 20 രൂപയുടെ പതാകയുടെ അഞ്ചിരട്ടി വലുപ്പത്തിലുള്ള ഉയർത്താൻ കഴിയുന്ന തരത്തിലുള്ള പതാകയായിരുന്നു.
വിദ്യാർഥികൾക്ക് പതാക നൽകുന്നതിന് ഒരു കുട്ടിയിൽ നിന്ന് 20 രൂപ വീതം പിരിച്ചെടുത്തിരുന്നുവെന്ന് പാങ്ങോട് നിന്ന് രക്ഷിതാക്കളും പിടിഎ അധികൃതരും പറയുന്നു. എന്നാൽ സ്കൂളുകളിൽ ലഭിച്ച പതാക 3 രൂപ പോലും വിലയില്ലാത്തതാണെന്നാണ് ആക്ഷേപം.
പലയിടത്തും പ്രതിഷേധം
തിരുവന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കിയ ദേശീയ പതാക മാതൃകയിലും തട്ടിപ്പ്.ക ഴിഞ്ഞ ദിവസം നെയ്യാര്‍ഡാം സ്‌കൂളില്‍ ഉള്‍പ്പെടെ വിതരണം ചെയ്ത കുഞ്ഞു പതാകയിലാണ് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതിയും ബി ജെ പിയും പ്രതിഷേധിച്ചത്.
Also Read- National Flag | നിത്യവും ഉയരുന്ന ദേശീയപതാക: ദേശസ്നേഹത്തിന്റെ മാതൃകയായി തമിഴ് ഗ്രാമം
ഒരു കുട്ടിയില്‍ നിന്ന് 25 രൂപ ക്രമത്തില്‍ പതാകക്ക് വാങ്ങിയ സ്‌കൂള്‍ അധികൃതര്‍ വിതരണം ചെയ്തത് ഒരു രൂപ വിലയുള്ള പതാകകളാണ്. കുടുംബശ്രീയെ ഒരു മാസത്തിനു മുന്‍പ് പ്ലാസ്റ്റിക്കിലും തുണിയിലുമുള്ള പതാക വാങ്ങി ഏല്‍പ്പിച്ചിരുന്നു. ഒരു രൂപ പോലും വിലയില്ലാത്ത പതാകകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തതെന്നാരോപിച്ച് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ബിജെപി പ്രവര്‍ത്തകരും പതാകയെത്തിച്ച വാഹനം തടഞ്ഞിട്ടു. എന്നാല്‍ തങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയ പതാക എത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കുടുംബശ്രീ ഭാരവാഹികള്‍ പറയുന്നു.
കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം പതാകകൾ
ഹർ ഘർ തിരംഗയുടെ ഭാഗമായി കുടുംബശ്രീ വെള്ളിയാഴ്ച വരെ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ. സംസ്ഥാനത്തെ വിവിധ സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിനാണിത്. ഓഗസ്റ്റ് 12നകം വിതരണം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.
13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് പതാക നിർമിക്കാനുള്ള അവസരം കൈവന്നത്.
കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യൽ യൂണിറ്റുകളിൽ നിന്നായി മൂവായിരത്തോളം അംഗങ്ങൾ മുഖേനയായിരുന്നു പതാക തയാറാക്കൽ. അതത് തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ഓർഡർ ലഭിച്ചത്.
ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിർമാണം. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാർക്കാണ് ഇതിന്റെ ഏകോപന ചുമതല.