ശങ്കറിന്റെ അച്ഛന്റെ കസിനാണ് രാമചന്ദ്രൻ. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കുന്ന, എല്ലാവരോടും ചിരിച്ച് കളിച്ച് സംസാരിക്കുന്ന നാട്ടിലെ കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന അങ്കിളിനെയാണ് നഷ്ടപ്പെട്ടതെന്നും ശങ്കർ പറഞ്ഞു. രണ്ടു വർഷം മുന്നെയാണ് അങ്കിൾ വിദേശത്ത് നിന്നും തിരിച്ചെത്തിയത്. ഇടക്കിടെ യാത്ര ചെയ്യുന്ന കുടുംബമാണ് ഇവരുടേത്. ഇത്തവണ കാശ്മിരിലാണ് യാത്ര പോയതെന്ന് തന്റെ അച്ഛന് അറിയാമായിരുന്നെന്നാണ് ശങ്കർ മനോരമയോട് പറഞ്ഞത്.
കശ്മീരിൽ ഭീകരാക്രമണം നടന്നെന്ന് അറിഞ്ഞതേടെ അച്ഛൻ അങ്കിളിന്റെ മകൾ ആരതി ചേച്ചിയെ വിളിച്ചു. ചേച്ചിയാണ് അദ്ദേഹത്തിന് വെടിയേറ്റെന്ന് പറഞ്ഞത്. അങ്കിളിന് വെടിയേറ്റെന്ന് അറിഞ്ഞതും ഞങ്ങളെല്ലാവരും ഞെട്ടിപോയെന്നും എന്ത് ചെയ്യണമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ശങ്കർ വ്യക്തമാക്കി.
advertisement
ദുരവസ്ഥയെ ധൈര്യപൂർവ്വം നേരിട്ട മകൾ ആരതിയെയും ശങ്കർ അഭിനന്ദിച്ചു. ആരതി ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നടന്ന സംഭവത്തിന്റെ ഷോക്കിൽ കുട്ടികളെയും വാരിയെടുത്ത് ചേച്ചി ഓടുകയായിരുന്നു. എങ്ങനെയൊക്കെയോ ഓടി ചേച്ചി ആന്റിയുടെ അടുക്കലെത്തി വിവരം പറഞ്ഞു. പക്ഷെ, ആന്റിക്ക് ഹൃദയസംബന്ധമായ അസുഖം ഉള്ളതുകാരണം മരണ വാർത്ത പറഞ്ഞിരുന്നില്ല. നാട്ടിൽ എത്തുന്നതുവരെ അങ്കിളിന്റെ മരണവിവരം ഷീല ആന്റി അറിഞ്ഞില്ല. രണ്ടു പിഞ്ചു കുട്ടികളെയും കൊണ്ട് ഈ അവസ്ഥയെ അതിജീവിച്ച ചേച്ചിയെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത്? ഞാൻ ചേച്ചിയോട് അതേപ്പറ്റി സംസാരിച്ചിരുന്നെന്നും ശങ്കർ കൂട്ടിച്ചേർത്തു.