മോൻസനുമായുള്ള ബന്ധം : ലോക്നാഥ് ബഹ്റയുടെ മൊഴിയെടുത്തു
പുരാവസ്തുത്തട്ടിപ്പ് പ്രതി മോന്‍സന്‍ മാവുങ്കലുമായുളള ബന്ധത്തെക്കുറിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ട്രാഫിക് ഐ ജി ലക്ഷ്മണനെയും ചോദ്യം ചെയ്തു.
മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കൽ. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കണം. മോന്‍സന്‍ മാവുങ്കലുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇയാളുടെ കലൂരിലെയും ചേര്‍ത്തലയിലെയും വീട്ടില്‍ ബീറ്റ് ബോക്‌സ് വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും ബെഹ്‌റയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടി. ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്റെ വീട്ടിലെത്തിച്ചത് താനാണെന്നായിരുന്നു പ്രവാസി മലയാളിയായ അനിത പുല്ലയില്‍ മൊഴി നല്‍കിയിരുന്നത്. ട്രാഫിക് ഐജിയായ ലക്ഷ്മണന്‍ മോന്‍സൺ മാവുങ്കലിനെ കേസുകളില്‍ നിന്ന് രക്ഷപെടാൻ സഹായിച്ചിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
advertisement
Also Read- Antique Fraud | മോൻസനുമായുള്ള ബന്ധം: മുൻ DGP ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു
ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ചേര്‍ത്തല എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല കൈമാറിയത് ലക്ഷ്മണന്‍ ആയിരുന്നു. മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ഇക്കാര്യം അറിയിച്ചുകൊണ്ട് അനിത പുല്ലയില്‍ ലക്ഷ്മണന് അയച്ച വാട്‌സ് ആപ് സന്ദേശവും പുറത്ത് വന്നിരുന്നു. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ലക്ഷ്മണനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ സന്ദര്‍ശിയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് എ ഡി ജി പി മനോജ് എബ്രഹാമില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം തേടിയത്. യുവ ഐ പി എസ് ഓഫീസറുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എത്തിയത്.
