ഇരിങ്ങാലക്കുട സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ ശോചനീയാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും റെയിൽവേ മന്ത്രിയെ നേരിട്ട് അറിയിച്ചുവെന്നും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം വികസനം അതിവേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട റെയിവെ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് നേരത്തേ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
കൂടിക്കാഴ്ച സംബന്ധിച്ച് ഫേസ്ബുക്കിൽ സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-
'ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നമ്മുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ താഴെ നൽകുന്നു:
advertisement
1. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം
- ഇരിങ്ങാലക്കുട സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ ശോചനീയാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും റെയിൽവേ മന്ത്രിയെ നേരിട്ട് അറിയിച്ചു.
- സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം വികസനം അതിവേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
- തൃശൂർ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷൻ വികസിപ്പിക്കുന്നത് ഉപകരിക്കും.
2. ഇരിങ്ങാലക്കുട - തിരൂർ റെയിൽവേ ലൈൻ
- ഇരിങ്ങാലക്കുട - തിരൂർ പാത യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
- ഈ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിലും കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
- ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
3. ഗുരുവായൂർ - തൃശൂർ പുതിയ ട്രെയിൻ
- ഗുരുവായൂരിനും തൃശൂരിനും ഇടയിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9:15 വരെ ട്രെയിനുകൾ ഇല്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെടുത്തി.
- ഈ റൂട്ടിൽ തീർത്ഥാടന-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശിച്ചു
