കൊച്ചിയിൽ ക്രമീകരണങ്ങൾ
കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച ഫോർട്ട് കൊച്ചി മേഖലയിൽ പാർക്കിംഗ് അനുവദിക്കില്ല. ഏഴുമണി വരെ മാത്രമേ ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശനം അനുവദിക്കൂ.
പുലർച്ചെ 3 മണി വരെ പൊതുഗതാഗതം ഉണ്ടാകും. കൊച്ചി മെട്രോ, വാട്ടർ മെട്രോ, കെഎസ്ആർടിസി എന്നിവ, സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നും സിറ്റ് പൊലീസ് കമ്മീഷണർ അറിയിച്ചു.
ഫോർട്ട് കൊച്ചി ഒരുങ്ങി
പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങുന്നു. പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമായി രണ്ട് കൂറ്റൻ പപ്പാഞ്ഞിമാർ ഇക്കുറി കത്തിയമരും. കർശന സുരക്ഷയാണ് പുതുവത്സരാഘോഷങ്ങൾക്കായി ഫോർട്ടുകൊച്ചിയിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
advertisement
ക്രിസ്മസ് ദിനത്തിൽ ഫോർട്ട് കൊച്ചി വെളി മൈതാനത്തെ മഴമരം ദീപാലങ്കൃതമായി. ഇക്കുറി മഴമരത്തിലെ വിളക്കുകൾക്ക് മഞ്ഞനിറമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് മരമായാണ് ഇതിനെ കണക്കാക്കുന്നത്. 8 ലക്ഷം രൂപ ചിലവിൽ ഒന്നരലക്ഷം സീരിയൽ ബൾബുകൾ അടക്കം അണിനിരത്തിയാണ് ഈ നിറച്ചാർത്ത്. വൈകിട്ട് ആറര മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ പാതിരാവരെ നീളും. വിപുലമായ ക്രമീകരണങ്ങൾ ഇക്കുറി പുതുവത്സരാഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വെളി മൈതാനത്തെ പപ്പാഞ്ഞി നിർമ്മാണം പൂർത്തിയായി.
നാളുകളായി പുതുവത്സര ദിനത്തിൽ ഒത്തുകൂടുന്ന പരേഡ് ഗ്രൗണ്ടിലും ഇക്കുറി പപ്പാഞ്ഞിയുണ്ട്. രണ്ട് സ്ഥലങ്ങളിലും നൃത്ത സംഗീത പരിപാടികൾ അരങ്ങേറും. വൻ ജനാവലി ഫോർട്ട് കൊച്ചിയിലേക്ക് എത്തുമെന്നതിനാൽ വിപുലമായ സുരക്ഷാ സംവിധാനവും ഗതാഗത ക്രമീകരണവും ആണ് പോലീസ് ഈ ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
