അതേസമയം, സനലിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചതിന് നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആയിരം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആയിരംപേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ, DySP ബി. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജിയും ബന്ധുക്കളും രംഗത്തെത്തി. കേസന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെടണമെന്നും ഭാര്യ വിജി ന്യൂസ് 18 നോട് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയതായാണ് പൊലീസ് ആവർത്തിക്കുന്നത്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.