പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇനി മുൻപിലുള്ളത്. പിതാവിനോട് ഞങ്ങൾ ഇറങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങണം എന്നതുകൊണ്ടാണ് ഇവിടെ എത്തിയയതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
യുഡിഎഫ് ഒറ്റകെട്ടായി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടും. താൻ ആണെങ്കിലും വി എസ് ജോയ് ആണെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ളവരാണ്. പക്ഷേ ഒരാൾക്കേ മത്സരിക്കാൻ കഴിയുകയുള്ളൂ. യോഗ്യതയുള്ളത് കൊണ്ടല്ല തന്നെ തിരഞ്ഞെടുത്തത്. പക്ഷേ ചില ഘടകങ്ങൾ കണ്ടുകൊണ്ടാണ് പാർട്ടിയുടെ തീരുമാനം ഉണ്ടാകുക. ആ തീരുമാനം ഏറ്റെടുക്കാൻ താൻ ബാധ്യസ്ഥനാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
advertisement
ആര്യാടൻ ഷൗക്കത്ത് ഇന്ന് പാണക്കാടെത്തും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും സന്ദർശിക്കും. വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് നേതൃയോഗവും നിലമ്പൂരിൽ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.