സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ടു കേരള സർക്കാരുമായി നിസാൻ ധാരണാപത്രം ഒപ്പുവച്ചു. പള്ളിപ്പുറത്ത് 70 ഏക്കറിൽ സ്വന്തം ക്യാംപസ് പൂർത്തിയാകുംവരെ നിസാന്റെ സോഫ്റ്റ്‍വെയർ സപ്ലയർ കമ്പനിയായ ഇൻഫോസിസിന്റെ ക്യാംപസിലായിരിക്കും പ്രവർത്തിക്കുക. ഡിസംബറിനു മുൻപ് 500 പേരെ റിക്രൂട്ട് ചെയ്യും. 50 ജീവനക്കാരുമായിട്ടാകും തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുന്നത്.
സർക്കാർ പറയുന്ന കാര്യങ്ങൾ നടപ്പായിത്തുടങ്ങി എന്നതിന്റെ ദൃഷ്ടാന്തമാണു നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ കേരളത്തിലേക്കുള്ള വരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കാനുള്ള യാത്രയിലെ സുപ്രധാന ചുവടുവയ്പാണിത്. നിസാൻ ഹബ്ബിനു വേണ്ടി സർക്കാർ എല്ലാവിധ സഹായങ്ങളും ഒരുക്കും.
advertisement
പല മലയാളി വ്യവസായികളും അവരുടെ പുതുസംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ വിമുഖത കാട്ടുമ്പോഴും നിസാൻ പോലെയൊരു വലിയ കമ്പനിയെ കേരളത്തിലെത്തിക്കാൻ മുൻകൈയെടുത്ത ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നിസാൻ ബ്രാൻഡ് കളറിലെ ചുവപ്പല്ലാതെ സർക്കാർ നടപടികളിൽ എവിടെയും ചുവപ്പുനാടകളുണ്ടാകില്ലെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു.
നിസാന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സിനെ സൃഷ്ടിക്കുന്നതിൽ തലസ്ഥാനം മുഖ്യകേന്ദ്രമായി മാറുമെന്നു നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി തോമസ് പറഞ്ഞു. ഡിജിറ്റൽ ടാലന്റുകൾ എളുപ്പത്തിൽ ലഭ്യമായ സ്ഥലമെന്നതുകൊണ്ടു കൂടിയാണ് തലസ്ഥാനം നിസാൻ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
